Quantcast

ഉന്നത വിദ്യാഭ്യാസം: കേരളവുമായി സഹകരിക്കുമെന്ന് അമേരിക്ക

ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് അക്കാദമിക പിന്തുണ നൽകുമെന്ന് അമേരിക്കൻ കോൺസുൽ ജനറൽ

MediaOne Logo

Web Desk

  • Updated:

    2022-03-30 13:38:00.0

Published:

30 March 2022 11:07 AM GMT

ഉന്നത വിദ്യാഭ്യാസം: കേരളവുമായി സഹകരിക്കുമെന്ന് അമേരിക്ക
X

ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളം നടപ്പാക്കുന്ന പ്രവർത്തനങ്ങളുമായി സഹകരിക്കുമെന്ന് അമേരിക്ക. മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ചെന്നൈയിലെ അമേരിക്കൻ കോൺസുൽ ജനറൽ ജൂഡിത്ത് റേവിൻ ഇതിന് സന്നദ്ധത അറിയിച്ചത്. കേരളം ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധിക്കാൻ പോവുകയാണെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിൽ ഉൾപ്പെടെ മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാനുള്ള സംസ്ഥാനത്തിന്റെ നടപടികൾക്ക് പിന്തുണയും അഭ്യർഥിച്ചു.

250 അന്താരാഷ്ട്ര ഹോസ്റ്റലുകൾ ഈ വർഷം തുടങ്ങും. ബജറ്റിൽ ഇതിന് തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ വിദേശ വിദ്യാർഥികൾ ആകർഷിക്കപ്പെടുമെന്നും കേരളം വ്യക്തമാക്കി. ഗുണമേന്മാ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങൾക്ക് അക്കാദമിക പിന്തുണ നൽകുമെന്ന് അപ്പോൾ കോൺസുൽ ജനറൽ അറിയിച്ചു.

ഇന്ത്യയിൽ ആദ്യമായി കേരളത്തിൽ ഡിജിറ്റൽ സർവ്വകലാശാല സ്ഥാപിച്ചത് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അമേരിക്കയിലെ ഉന്നത സ്ഥാപനവുമായി ഇതിനെ സഹകരിപ്പിക്കാമെന്ന് കോൺസുൽ ജനറൽ അറിയിച്ചു. വിവിധ വിഷയങ്ങളിൽ 500 നവകേരളം പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് കേരളം അനുവദിക്കുന്നുണ്ടെന്ന് കേരളം വ്യക്തമാക്കി.

സംസ്ഥാനത്തെ വാക്സിൻ ഉൽപ്പാദന യൂണിറ്റിൽ യു എസ് പങ്കാളിത്തകാര്യം കോൺസൽ ജനറൽ സൂചിപ്പിച്ചു. അമേരിക്കയിൽ ധാരാളം മലയാളികൾ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നുണ്ട്. കൂടുതൽ പേർക്ക് അവസരം ലഭ്യമാക്കാൻ ഡൽഹിയിലെ എംബസിയുമായി ബന്ധപ്പെട്ട് സൗകര്യമൊരുക്കാമെന്നും കോൺസുൽ ജനറൽ പറഞ്ഞു.

കേരളത്തിൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ തുടങ്ങാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അമേരിക്കയിലെ സിഡിസിയുമായി ഇതിനെ ബന്ധപ്പെടുത്തുന്ന കാര്യം ആലോചിക്കാമെന്ന് കോൺസുൽ ജനറൽ മുഖ്യമന്ത്രിയെ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ ധാരാളം ചർച്ചകൾ കേരളവുമായി നടത്തുന്നുണ്ടെന്നും കോൺസുൽ ജനറൽ പറഞ്ഞു. കേരളവുമായുള്ള പങ്കാളിത്തം കൂടുതൽ ദൃഢമാക്കും. യുക്രൈനിൽ നിന്ന് മലയാളി വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ സംസ്ഥാനം നടത്തിയ ശ്രമങ്ങളെ കോൺസുൽ ജനറൽ അഭിനന്ദിച്ചു.ചീഫ് സെക്രട്ടറി ഡോ.വി പി ജോയി, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി തുടങ്ങിയവർ സംബന്ധിച്ചു.

TAGS :

Next Story