Quantcast

എച്ച്എംപി വൈറസ്: അനാവശ്യ ആശങ്ക പരത്തരുത് - മന്ത്രി വീണാ ജോർജ്

ഗർഭിണികളും പ്രായമുള്ളവരും ഗുരുതര രോഗമുള്ളവരും മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-01-06 15:59:48.0

Published:

6 Jan 2025 1:07 PM GMT

Minister Veena Georges car met with an accident
X

തിരുവനന്തപുരം: ഇന്ത്യയിൽ ഹ്യൂമൻ മെറ്റാന്യൂമോ വൈറസ് (എച്ച്എംപിവി) റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വാർത്തയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ചൈനയിൽ വൈറൽ പനിയുടെയും ന്യൂമോണിയയുടെയും ഔട്ട് ബ്രേക്ക് ഉണ്ടെന്ന വാർത്തകളെ തുടർന്ന് സംസ്ഥാനം നേരത്തെ തന്നെ നടപടി സ്വീകരിച്ചിരുന്നു. സംസ്ഥാനം ഈ സാഹചര്യം സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. ആരോഗ്യവിദഗ്ധരുമായി സംസാരിച്ച് പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എച്ച്എംപി വൈറസിനെ കണ്ടെത്തിയത് 2001ൽ മാത്രമാണെങ്കിലും കഴിഞ്ഞ 50 വർഷത്തിൽ കൂടുതലായി ലോകത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും പ്രത്യേകിച്ചും കുട്ടികളിൽ ഈ വൈറസ് കാണപ്പെടുന്നു എന്നാണ് കരുതപ്പെടുന്നത്. ഇതേകാര്യം തന്നെ ഇന്ന് ഐസിഎംആർ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്ത്യയിലും കണ്ടുവരുന്ന ഒരു വൈറസാണ് എച്ച്എംപിവി. എന്ന് പത്രക്കുറിപ്പിലൂടെ ഐസിഎംആർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. എച്ച്എംപി വൈറസിനെ അപകടകാരിയായ ഒരു പുതിയ വൈറസായി കാണാൻ കഴിയില്ല. വൈറസിൽ കാര്യമായ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇതുവരെ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനിതക വ്യതിയാനം ഉള്ളതായി ലോകാരോഗ്യ സംഘടനയോ, ചൈനയിലെ വിദഗ്ധരോ അറിയിച്ചിട്ടില്ല. നമ്മുടെ നാട്ടിൽ പ്രത്യേകിച്ച് കുട്ടികളിലും പ്രായമായവരിലും കാണപ്പെടുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതാണ്. അതോടൊപ്പം ചൈന ഉൾപ്പെടെയുള്ള മറ്റു രാജ്യങ്ങളിൽനിന്ന് വരുന്ന ആളുകളിലും ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങൾ കാണുന്നുവെങ്കിൽ അവരെയും നിരീക്ഷിക്കുന്നതാണ്. ശ്വാസകോശ സംബന്ധമായ രോഗ ലക്ഷണങ്ങളുള്ളവർ മാസ്‌ക് ധരിക്കുകയും കൃത്യമായ ചികിത്സ ഉറപ്പാക്കുകയും വേണമെന്നും മന്ത്രി പറഞ്ഞു.

എച്ച്എംപിവി ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ള പ്രായമായവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, കിടപ്പ് രോഗികൾ, ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളുള്ളവർ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്. ഇൻഫ്‌ളുവൻസ പോലെ തന്നെ എച്ച്എംപിവി വരാതിരിക്കാൻ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. കൂടാതെ ശ്വാസകോശ അണുബാധയുള്ള ആളുകളിൽ നിന്നും അകലം പാലിക്കുകയും വേണം. രോഗങ്ങളുള്ള സമയത്ത് കുട്ടികളെ സ്‌കൂളിൽ വിടരുത്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

  • വായുവിലൂടെ പകരുന്ന രോഗമായതിനാൽ മാസ്‌ക് ഉപയോഗിക്കുന്നതും കൈകളുടെ ശുചിത്വവും പ്രധാനമാണ്.
  • അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കുക. ആശുപത്രിയിൽ മാസ്‌ക് ഉപയോഗിക്കുക.
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മറയ്ക്കണം.
  • മുറികളിൽ ശരിയായ വായൂസഞ്ചാരം ഉറപ്പാക്കുക. ഇത് വൈറസിന്റെ വ്യാപനം കുറയ്ക്കും.
  • കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദം, കരൾ, വൃക്കരോഗങ്ങൾ തുടങ്ങിയവയുള്ളവരും രോഗ പ്രതിരോധശേഷി കുറഞ്ഞവരും ശ്രദ്ധിക്കണം.
  • പ്രമേഹവും രക്തസമ്മർദവും നിയന്ത്രണ വിധേയമാക്കുക.
  • ജലനഷ്ടം ഉണ്ടാകാതിരിക്കാൻ ധാരാളം വെള്ളം കുടിക്കണം.
  • രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടി മതിയായി വിശ്രമിക്കണം.
TAGS :

Next Story