ആഭ്യന്തര വകുപ്പ് പരാജയം; പോലീസിനെ കയറൂരി വിട്ടിരിക്കുന്നുവെന്ന് സിപിഐ
സിഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കരത്തോടെ സംസാരിച്ചത് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണ്
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന്റെ പ്രവർത്തനം പരാജയമെന്ന് സിപിഐ. പാലക്കാട് ജില്ലാ സമ്മേളനത്തിന്റെ രാഷ്ട്രീയ റിപ്പോർട്ടിലാണ് വിമർശനം. പൊലീസിനെ ആഭ്യന്തരവകുപ്പ് കയറൂരി വിട്ടിരിക്കുകയാണെന്ന് സിപിഐ കുറ്റപ്പെടുത്തി. ഭക്ഷ്യമന്ത്രി ജിആർ അനിലിനോട് വട്ടപ്പാറ സിഐ ഗിരിലാൽ മോശമായി സംസാരിച്ച വിവാദ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. സിഐ ഭക്ഷ്യ മന്ത്രിയോട് അഹങ്കരത്തോടെ സംസാരിച്ചത് ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടതിന്റെ തെളിവാണ്. പൊലീസിനെ ആഭ്യന്തരവകുപ്പ് കയറൂരി വിട്ടിരിക്കുകയാണ്. പൊലീസിന്റെ പ്രവർത്തനം മാതൃകപരമല്ലെങ്കിൽ സർക്കാറിനും മുന്നണിക്കും അപമാനമുണ്ടാക്കുമെന്നും രാഷ്ട്രീയ റിപ്പോർട്ടിൽ മേലുള്ള ചർച്ചയിൽ വിമർശനം ഉയർന്നു.
പീഡന പരാതിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിളിച്ച ഭക്ഷ്യമന്ത്രി ജിആർ അനിലിനോടാണ് സിഐ തട്ടിക്കയറിയത്. തന്റെ മണ്ഡലത്തിലെ ഒരു സ്ത്രീയുടെ പരാതിയിലായിരുന്നു ജി.ആര്‍ അനില്‍ ഗിരിലാലിനെ ഫോണ്‍ വിളിച്ചത്. ന്യായം നോക്കി ഇടപെടാമെന്ന് പറഞ്ഞത് സി.ഐ പറഞ്ഞതോടെ രണ്ടും പേരും തമ്മില്‍ വാക്കേറ്റത്തിലായി. സാറല്ല ആര് വന്ന് പറഞ്ഞാലും ന്യായം നോക്കിയേ ഇടപെടൂവെന്ന് ആയിരുന്നു സിഐയുടെ പ്രസ്താവന. ഫോൺ സംഭാഷണം പുറത്തായതോടെ പൊലീസുകാരനെതിരേ നടപടിക്കുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് തലപ്പത്ത് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Adjust Story Font
16