'ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ല; ആരുടെയും വേദനയിൽ ആഹ്ലാദവുമില്ല'-പ്രതികരിച്ച് ഹണി റോസ്
'ഇനിയും പരാതിയുമായി സ്റ്റേഷനിൽ പോകാൻ ഇടവരാതിരിക്കട്ടെ'
കൊച്ചി: ലൈംഗികാധിക്ഷേപക്കേസിൽ ബോബി ചെമ്മണൂരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെ പ്രതികരണവുമായി നടി ഹണി റോസ്. ആരെയും ഉപദ്രവിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നില്ലെന്നും നടി പറഞ്ഞു. നിർത്താതെ വേദനിപ്പിച്ചതുകൊണ്ട് നിവൃത്തിക്കേടുകൊണ്ട് പ്രതികരിച്ചതാണെന്നും അവർ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്ന് ഹണി റോസ് പറഞ്ഞു. നിർത്താതെ പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചതുകൊണ്ട് നിവൃത്തിക്കേടുകൊണ്ട് പ്രതികരിച്ചതും പ്രതിരോധിച്ചതുമാണ്. ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടെയും വേദനയിൽ ആഹ്ലാദിക്കുന്നുമില്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനിൽ പോകാനുള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നു. നമ്മുടെ നിയമവ്യവസ്ഥയ്ക്കും സത്യത്തിനും വലിയ ശക്തിയുണ്ടെന്നും ഹണി റോസ് സോഷ്യൽ മീഡിയ കുറിപ്പിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ബോബി ചെമ്മണൂരിനെ കാക്കനാട്ടെ ജില്ലാ ജയിലിൽ എത്തിച്ചു. എറണാകുളം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇവിടെ എത്തിച്ചത്. കേസിൽ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
Adjust Story Font
16