Quantcast

സ്വപ്നയ്ക്ക് ചെല്ലും ചെലവും നൽകുന്നത് സംഘ്പരിവാർ ബന്ധമുള്ള സ്ഥാപനം, ഇടനിലക്കാർ കെട്ടുകഥ മാത്രം-അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രി

''നിരവധി കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഒരു വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിനടക്കം വേദവാക്യമായി മാറുന്നത്. ഇങ്ങനെയൊരു വ്യക്തി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിക്കുകയും അതിനു പിന്നിൽ ചിലരുണ്ടെന്ന് വ്യക്തമാകുകയും ചെയ്യുമ്പോൾ, സംസ്ഥാനത്തെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിക്കുമ്പോൾ സ്വാഭാവികമായും പൊലീസ് കേസെടുത്ത് അന്വേഷിക്കും.''

MediaOne Logo

Web Desk

  • Updated:

    2022-06-28 11:32:56.0

Published:

28 Jun 2022 10:55 AM GMT

സ്വപ്നയ്ക്ക് ചെല്ലും ചെലവും നൽകുന്നത് സംഘ്പരിവാർ ബന്ധമുള്ള സ്ഥാപനം, ഇടനിലക്കാർ കെട്ടുകഥ മാത്രം-അടിയന്തര പ്രമേയത്തില്‍ മുഖ്യമന്ത്രി
X

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വപ്‌നയ്ക്ക് എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നത് സംഘ്പരിവാർ ബന്ധമുള്ള ഒരു സ്ഥാപനമാണ്. ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന രീതിയാണുള്ളതെന്നും മൊഴിക്കു പിന്നിൽ സംഘ്പരിവാർ ബന്ധമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. സ്വർണക്കടത്ത് കേസിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രമേയം സഭ തള്ളി.

സോളാർ വീണ്ടും ഉയർത്തുന്നത് എന്താണ് എന്നറിയില്ല. സോളാറിൽ ഉമ്മൻ ചാണ്ടി കമ്മീഷനെ നിയോഗിച്ചു. അവരുടെ നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. അതിന്റെ നിയമനടപടികൾ ആരംഭിച്ച് കുറച്ചുകഴിഞ്ഞപ്പോഴാണ് ഇത് ഒത്തുകളിയാണ്, ഇതിൽ വിശ്വാസമില്ലെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും അന്ന് ആരോപണം ഉന്നയിച്ച സ്ത്രീ ആവശ്യപ്പെട്ടത്. അവരുടെ ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് കമ്മീഷൻ നിഗമനങ്ങൾ. ഇക്കാര്യത്തിൽ ഒരു ഒത്തുകളിയും നടക്കുന്നില്ല. ഉമ്മൻചാണ്ടിക്കുവേണ്ടി സർക്കാർ എന്തെങ്കിലും നിലപാട് എടുക്കുകയും ചെയ്തിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. അക്കാര്യത്തിൽ അനാവശ്യ പഴി സർക്കാർ കേൾക്കേണ്ട കാര്യമില്ല. ഈ ഗൗരവമായ ചർച്ച നടക്കുന്ന സമയത്തും രണ്ട് യു.ഡി.എഫ് നേതാക്കളായ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും സഭയിൽ കാണുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽനിന്ന്

സോളാറും ഇപ്പോഴത്തെ ആരോപണവും ഒരുപോലെ കാണേണ്ടതില്ല. സ്വർണ്ണക്കള്ളക്കടത്ത് കേസ് സംസ്ഥാന സർക്കാർ അല്ലല്ലോ അന്വേഷിക്കുന്നത്? അതുകൊണ്ട് ഇത് സംസ്ഥാന സർക്കാർ എങ്ങനെയാണ് അട്ടിമറിക്കുന്നത്?

രഹസ്യമൊഴി തിരുത്തിക്കാൻ ഇടനിലക്കാർ വഴി ശ്രമിച്ചുവെന്നാണ് ഒരു ആരോപണം. ഇത് വസ്തുതകളുടെ അടിസ്ഥാനത്തിലാണോ പറയുന്നത്? രഹസ്യമൊഴി സ്വപ്ന ആദ്യമായല്ല നൽകുന്നത്. നേരത്തെ നൽകിയ മൊഴിയുടെ വിവരങ്ങൾ കസ്റ്റംസ് കോടതിയിൽ നൽകിയിരുന്നു. ഒരു തെളിവിന്റേയും പിൻബലമില്ലാതെയാണ് രഹസ്യമൊഴി. സ്വർണ്ണക്കടത്ത് കേസ് ഈ മൊഴി കൊണ്ട് തീരുന്നതാണോ?

ഇടനിലക്കാർ എന്നത് കെട്ടുകഥ മാത്രമാണ്. രഹസ്യമൊഴിയിൽ എന്ത് ഉണ്ടെന്നാണ് ഇവർ പറയുന്നത്? എന്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷത്തിന് ഈ വിവരം കിട്ടിയത്?

സ്വപ്‌നയ്ക്ക് എല്ലാ ഭൗതിക സാഹചര്യവും ഒരുക്കുന്നത് ഒരു വ്യക്തിയല്ല, സ്ഥാപനമാണ്. നിലവിൽ ഈ സ്ത്രീക്ക് എല്ലാവിധ ഭൗതിക സാഹചര്യങ്ങളും ഒരുക്കുന്നത് ഒരു പ്രസ്ഥാനമാണ്. അവരുടെ സംഘ്പരിവാർ ബന്ധം പരിശോധിച്ചാൽ അറിയാം. ജോലി, ശമ്പളം, കാർ, താമസം, സുരക്ഷ, വക്കീൽ എല്ലാം അവരുടെ വകയാണ്. പ്രധാനമന്ത്രിക്ക് കത്തെഴുതാൻ ലെറ്റർ ഹെഡും അവരുടെ വകയാണ്. ചെല്ലും ചെലവും കൊടുത്ത് വളർത്തുന്ന രീതിയാണിവിടെ. നിരവധി കേസിൽ പ്രതിയായ വ്യക്തിയുടെ വാക്കാണ് വേദവാക്യമായി മാറുന്നത്. ഇങ്ങനെയൊരു വ്യക്തിയുടെ വാക്കുകളാണ് ചിലർക്ക് വേദവാക്യം. വ്യാജ മൊഴിയുണ്ടാക്കൽ, വ്യാജ ബിരുദം, സ്വർണക്കടത്ത് തുടങ്ങി നിരവധി കേസുകളിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഒരു വ്യക്തിയുടെ വാക്കുകളാണ് പ്രതിപക്ഷത്തിനടക്കം വേദവാക്യമായി മാറുന്നത്. ഇങ്ങനെയൊരു വ്യക്തി സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിക്കുകയും അതിനു പിന്നിൽ ചിലരുണ്ടെന്ന് വ്യക്തമാകുകയും ചെയ്യുമ്പോൾ സംസ്ഥാനത്തെ പൊതു അന്തരീക്ഷം കലുഷിതമാക്കാനുള്ള നീക്കമാണ് ഇതെന്ന് പ്രഥമദൃഷ്ട്യാ തെളിവുകൾ ലഭിക്കുമ്പോൾ സ്വാഭാവികമായും പൊലീസ് കേസെടുത്ത് അന്വേഷിക്കും.

സ്വപ്ന ജയിലിൽ ആയിരുന്നപ്പോ ഭരണനേതൃത്വത്തിനെതിരെ മൊഴി നൽകാൻ സമ്മർദം ഉണ്ടെന്ന് പറഞ്ഞു. മൊഴി നൽകാൻ സമ്മർദം ഉണ്ടായെങ്കിൽ അത് പുറത്തുവരണമെന്ന് സർക്കാർ ആഗ്രഹിച്ചു. അതിനാണ് കമ്മീഷനെ നിയോഗിച്ചത്. അന്വേഷണം വേണ്ട എന്ന നിലപാട് ഒരു ഘട്ടത്തിലും സർക്കാരിനില്ല. സുതാര്യമായ അന്വേഷണത്തിൽ പ്രതിപക്ഷം വേവലാതിപ്പെടുന്നത് എന്തിനാണ്?

വിജിലൻസ് ഡയറക്ടർ ഷാജ് കിരണിനോട് ഫോണിൽ സംസാരിച്ചതിന്റെ ഉത്തരവാദിത്വം സർക്കാരിനുമേൽ കെട്ടിവയ്ക്കുന്നു. ഒരു പ്രശ്‌നത്തിലും ഇടനിലക്കാരെ നിയോഗിക്കേണ്ട കാര്യം സർക്കാരിനില്ല. ഇടനിലക്കാരനെ വയ്‌ക്കേണ്ട ആവശ്യം സർക്കാരില്ല. ഒരു പ്രശ്‌നത്തിലും ഇടനിലക്കാരെ ഉപയോഗിക്കേണ്ട ആവശ്യം സർക്കാരിനില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് വഴിവിട്ട നടപടിയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കാനും മടിയില്ല.

തിരക്കഥയിലെ സൃഷ്ടിയാണ് ഇടനിലക്കാർ. ഒരാൾ ബി.ജെ.പിയുമായി സഹകരിച്ചയാൾ. ഒരാൾ ജയ്ഹിന്ദിൽ പ്രവർത്തിച്ചയാൾ. ബി.ജെ.പിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു ചോദ്യം പോലും പ്രതിപക്ഷം ഉയർത്തില്ല. ചോദ്യങ്ങൾ ഉയർന്നാൽ സ്വപ്നയും സംഘ്പരിവാറും തമ്മിലുള്ള ബന്ധം മനസിലാകും. സർവ അധികാരവുമുള്ള മൂന്ന് കേന്ദ്ര ഏജൻസികൾ സർവതും അന്വേഷിച്ചിട്ടും എങ്ങുമെത്താത്ത രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങളാണ് ഉയർന്നത്. നാല് കേന്ദ്ര ഏജൻസികൾ ഉഴുതുമറിച്ചുനോക്കിയിട്ടും ഒന്നും കിട്ടിയിട്ടില്ല.

Summary: A Sangh Parivar-linked institution gives all economical and physical support for Swapna Suresh, Says CM Pinarayi Vijayan

TAGS :

Next Story