റഷ്യയിലേക്ക് മനുഷ്യക്കടത്ത്; യുദ്ധം ചെയ്ത് പരിക്കേറ്റവരിൽ ഒരു മലയാളി കൂടി
പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് ഗുരുതര പരിക്ക് പറ്റിയത്
തിരുവനന്തപുരം: മനുഷ്യക്കടത്തിനിരയായി റഷ്യൻ കൂലിപ്പട്ടാളത്തിനൊപ്പം യുദ്ധം ചെയ്ത് ഗുരുതര പരിക്ക് പറ്റിയവരിൽ ഒരു മലയാളി കൂടി.തിരുവനന്തപുരം പൂവാർ സ്വദേശി ഡേവിഡ് മുത്തപ്പനാണ് (23 ) റഷ്യയിൽ കുടുങ്ങിയത്.
സെക്യൂരിറ്റി ജോലിക്ക് വേണ്ടി റഷ്യയിലേക്ക് പോയ ഡേവിഡിന് യുദ്ധത്തിനിടയിൽ കാലിന് സാരമായി പരിക്കേറ്റെന്നും തുടർന്ന് അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു പള്ളിയിലാണ് നിലവിൽ ഉള്ളതെന്നും കുടുംബം പറഞ്ഞു. കഴിഞ്ഞ വർഷം നവംബർ ഒന്നിമാണ് ഡേവിഡ് ഡൽഹിയിലെ ഒരു ഏജന്‍റിന്‍റെ സഹായത്തോടെ റഷ്യയിലേക്ക് പോയത്. മൂന്നു ലക്ഷത്തി നാല്പത്തിയാറായിരം രൂപയാണ് ഡേവിഡ് ഏജന്‍റിന് നൽകിയത്.
മനുഷ്യക്കടത്തിനിരയായി റഷ്യയിലെത്തിയ മൂന്ന് മലയാളികളെ യുക്രൈനില്‍ യുദ്ധം ചെയ്യാന്‍ നിയോഗിച്ചെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശികളായ പ്രിന്‍സ് സെബാസ്റ്റ്യന്‍, വിനീത് സെല്‍വ, ടിനു പനിയടിമ എന്നിവരും യുദ്ധമുഖത്ത് കുടുങ്ങിയിട്ടുണ്ട്. റഷ്യയില്‍ ആര്‍മി സെക്യൂരിറ്റി ഹെല്‍പ്പര്‍ ജോലി വാഗ്ദാനം ചെയ്താണ് മലയാളിയായ ഏജന്റ് പ്രിയന്‍ സമീപിച്ചത്. ഇതിനായി ഓരോരുത്തരുടെയും കയ്യില്‍ നിന്ന് 7 ലക്ഷം രൂപ വാങ്ങുകയും ചെയ്തു. റഷ്യയിലെത്തിയപ്പോഴാണ്, നടന്നത് യുദ്ധഭൂമിയിലേക്കുള്ള മനുഷ്യക്കടത്താണെന്ന് തിരിച്ചറിഞ്ഞത്.
ഇന്ത്യക്കാരെ യുദ്ധത്തിനായി റഷ്യയിലേക്ക് കടത്തിയതിന് മൂന്ന് മലയാളികളടക്കം 19 പേര്‍ക്കെതിരെ സിബിഐ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മലയാളികളെയും ഈ സംഘം തട്ടിപ്പിനിരയാക്കി റഷ്യയുടെ കൂലിപ്പട്ടാളമാക്കിയ വാര്‍ത്ത പുറത്തുവരുന്നത്.
Adjust Story Font
16