Quantcast

കണ്ണൂരിൽ ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് കെട്ടിയിടുകയും തളിപ്പറമ്പ് സിഐയെ വിവരമറിയിക്കുകയും ചെയ്തു.

MediaOne Logo

Web Desk

  • Updated:

    20 March 2025 4:07 PM

Published:

20 March 2025 2:05 PM

Husband Attacked Wife in Kannur
X

കണ്ണൂർ: തളിപ്പറമ്പ് പൂവത്ത് ബാങ്കിനുള്ളിൽ ജീവനക്കാരിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. ആലക്കോട് സ്വദേശി അനുപമയ്ക്കാണ് പരിക്കേറ്റത്. പൂവം എസ്ബിഐ ബ്രാഞ്ചിലാണ് ആക്രമണം. സംഭവത്തിൽ ഭർത്താവ് അനുരൂപിനെ തളിപ്പറമ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ബാങ്കിൽ കാഷ്യറായി ജോലി ചെയ്യുകയാണ് അനുപമ. ഇവിടേക്കെത്തിയ ഭർത്താവ് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞ് അനുപമയെ പുറത്തേക്ക് വിളിച്ചുവരുത്തി. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഭർത്താവ് കൈയിൽ കരുതിയിരുന്ന കൊടുവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു.

ആദ്യം പുറത്ത് വെട്ടേറ്റ അനുപമ പ്രാണരക്ഷാർഥം ബാങ്കിലേക്ക് ഓടിക്കയറി. പിന്നാലെ ഓടിച്ചെന്ന അനുരൂപ് വീണ്ടും ഒരു തവണ കൂടി വെട്ടിയെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാർ പ്രതിയെ പിടിച്ച് കെട്ടിയിടുകയും തളിപ്പറമ്പ് സിഐയെ വിവരമറിയിക്കുകയും ചെയ്തു.

തുടർന്ന്, സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. കുറ്റിക്കോലാണ് ഇരുവരും താമസം. ആലക്കോട് അരങ്ങം സ്വദേശിനിയാണ് അനുപമ. കുറ്റിക്കോലിലെ ഒരു സ്വകാര്യ കാർ കമ്പനിയിലെ ജീവനക്കാരനാണ് പ്രതി അനുരൂപ്.


TAGS :

Next Story