കുമ്പളങ്ങിയിൽ നിന്ന് രാജ്പത് വരെ എത്തിച്ചത് വ്യക്തി ബന്ധം, അസുഖമറിഞ്ഞ് സോണിയാജിക്ക് കത്തയച്ചു മറുപടിയും ലഭിച്ചു: കെ.വി. തോമസ്
രാജ്യത്തെയും കോൺഗ്രസ്സിനെയും നയിച്ച സോണിയാജിക്ക് ഇനിയും അതിനുള്ള ആരോഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും കെ.വി തോമസ്
കുമ്പളങ്ങിയിൽനിന്ന് രാജ്പത് വരെ തന്നെ എത്തിച്ചത് രാഷ്ട്രീയ ഭേദമന്യേ എന്നും കാത്തു സൂക്ഷിക്കുന്ന വ്യക്തി ബന്ധങ്ങളാണെന്നും കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് അസുഖമാണെന്നറിഞ്ഞ് കത്തയച്ചുവെന്നും പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചതിനാൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട മുതിർന്ന നേതാവ് കെ.വി തോമസ്. സോണിയജിക്ക് സുഖമില്ലാതെ ആശുപത്രിയിൽ ആണെന്ന് മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടർന്ന് അയച്ച കത്തിന് മറുപടി ലഭിച്ചുവെന്നും കത്തിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു.
സോണിയ ഗാന്ധിയുടെ ആരോഗ്യത്തിനുവേണ്ടി, വേളാങ്കണ്ണി മാതാവിന്റെ അനുഗ്രഹം അവരുടെ മേൽ പ്രത്യേകം ഉണ്ടാവട്ടെയെന്നും പ്രാർത്ഥിച്ചുകൊണ്ടായിരുന്നു കത്തയച്ചതെന്നും സാവധാനത്തിൽ രോഗ വിമുക്തമായിക്കൊണ്ടിരിക്കുന്നുവന്ന് മറുപടി കത്തിലൂടെ അവർ അറിയിച്ചുവെന്നും തോമസ് വ്യക്തമാക്കി. രാജ്യത്തെയും കോൺഗ്രസ്സിനെയും നയിച്ച സോണിയാജിക്ക് ഇനിയും അതിനുള്ള ആരോഗ്യം ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും പോസ്റ്റിൽ പറഞ്ഞു.
കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് നടന്ന സെമിനാറിൽ പങ്കെടുത്തത് മുതൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നത്. കെ.പി.സി.സിയാണ് പുറത്താക്കാനുള്ള തീരുമാനമെടുത്തിരുന്നത്. കെ.വി തോമസിനെ പുറത്താനുള്ള കെ.പി.സി.സി തീരുമാനത്തിന് ദേശീയ നേതൃത്വം അംഗീകാരം നൽകിയിരുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു. പുറത്താക്കിയതിനെ തുടർന്ന് തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി തോമസ് പ്രവർത്തിച്ചിരുന്നു. എന്നാൽ യുഡിഎഫ് ഉമാ തോമസാണ് വിജയിച്ചത്.
Adjust Story Font
16