Quantcast

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി: ജ്യോതിലാൽ വീണ്ടും പൊതുഭരണ വകുപ്പ് സെക്രട്ടറി, ശിവശങ്കറിന് അധിക ചുമതല

ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് നീക്കം ചെയ്യപ്പെട്ട ജ്യോതിലാല്‍ വകുപ്പിലേക്ക് തിരിച്ചെത്തുന്നു

MediaOne Logo

Web Desk

  • Updated:

    2022-04-12 07:36:33.0

Published:

12 April 2022 7:16 AM GMT

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി: ജ്യോതിലാൽ വീണ്ടും പൊതുഭരണ വകുപ്പ് സെക്രട്ടറി, ശിവശങ്കറിന് അധിക ചുമതല
X

തിരുവനന്തപുരം: ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. ഗവര്‍ണറുടെ അതൃപ്തിയെ തുടര്‍ന്ന് നീക്കംചെയ്യപ്പെട്ട കെ ആര്‍ ജ്യോതിലാല്‍ ഐ.എ.എസ് പൊതുഭരണ വകുപ്പില്‍ തിരികെ എത്തി. എം ശിവശങ്കറിന് കൂടുതല്‍ ചുമതലകള്‍ നല്‍കി.

ഗവര്‍ണറുടെ അഡീഷണല്‍ പിഎ ആയി ബി.ജെ.പി നേതാവ് ഹരി എസ് കര്‍ത്തയെ നിയമിച്ച ഉത്തരവിനൊപ്പം വിയോജന കുറിപ്പ് എഴുതിയ കെ ആര്‍ ജ്യോതിലാലിന്‍റെ നടപടി ഗവര്‍ണറുടെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. പിന്നാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പുവെയ്ക്കാതെ ഗവര്‍ണര്‍ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി. പൊതുഭരണ വകുപ്പില്‍ നിന്ന് കെ ആര്‍ ജ്യോതിലാലിനെ മാറ്റിയായിരുന്നു സര്‍ക്കാര്‍ അന്ന് പ്രതിസന്ധി മറികടന്നത്. എന്നാല്‍ ഇപ്പോള്‍ പൊതുഭരണ വകുപ്പിന്‍റെ അധിക ചുമതല കൂടി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ കെ ആര്‍ ജ്യോതിലാലിന് സര്‍ക്കാര്‍ നല്‍കി. ഇതോടെ സര്‍ക്കാരിന്‍റെ താല്‍പര്യ പ്രകാരമായിരുന്നു ജ്യോതിലാലിന്‍റെ അന്നത്തെ വിയോജന കുറിപ്പെന്ന് ഒരിക്കല്‍ കൂടി വ്യക്തമായി.

നിലവില്‍ കായിക, യുവജനകാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ഐഎഎസിന് മൃഗസംരക്ഷണം, ക്ഷീര വികസനം, മൃഗശാല എന്നിവയുടെ അധിക ചുമതല കൂടി നല്‍കി. ശാരദ മുരളീധരന്‍ ഐഎഎസിന് ഇലക്ട്രോണിക് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പിന്‍റെയും ബിശ്വാസ് സിന്‍ഹ ഐഎഎസിന് പ്ലാനിങ് ആന്‍റ് എകണോമിക് വകുപ്പിന്‍റെയും അധിക ചുമതല നല്‍കി. മൃഗസംരക്ഷണ വകുപ്പില്‍ നിന്നും മാറ്റിയ ടിങ്കു ബിസ്വാളിന് ഭക്ഷ്യ സിവില്‍ സപ്ലൈസ്, തുറമുഖം എന്നിവയുടെ ചുമതല നല്‍കി. കേന്ദ്ര ഡെപ്യൂട്ടേഷന്‍ പൂര്‍ത്തിയാക്കി തിരികെ എത്തിയ കെ എസ് ശ്രീനിവാസിനെ ഫിഷറീസ് വകുപ്പിലും അജിത്ത് കുമാറിനെ പൊതുമരാമത്ത് വകുപ്പിലും നിയമിച്ചു. അവധി കഴിഞ്ഞ് തിരികെ എത്തിയ പ്രിയങ്ക ജിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറുടെ ചുമതല നല്‍കി.

TAGS :

Next Story