'മൃതദേഹം മോർച്ചറിയിൽനിന്നു കൊണ്ടുപോയത് എന്റെയും മകന്റെയും സമ്മതത്തോടെ; അനാദരവ് കാട്ടിയെന്നു പരാതിയില്ല'
മൃതദേഹവുമായുള്ള പ്രതിഷേധത്തിന് ബന്ധുക്കളുടെ സമ്മതമില്ലായിരുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ
ഇടുക്കി: നേര്യമംഗലത്ത് കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ നടക്കുന്ന കോൺഗ്രസ് പ്രതിഷേധത്തിൽ പ്രതികരിച്ച് ഇന്ദിരയുടെ കുടുംബം. തങ്ങളുടെ സമ്മതത്തോടെയാണ് മൃതദേഹം കൊണ്ടുപോയതെന്നു കൊല്ലപ്പെട്ട ഇന്ദിരയുടെ ഭർത്താവ് രാമകൃഷ്ണൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോട് അനാദരവ് കാണിച്ചില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു. അതേസമയം, കോൺഗ്രസ് മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ഇന്ദിരയുടെ സഹോദരൻ സുരേഷ് പ്രതികരിച്ചു.
കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോടെ അനാദരവ് കാട്ടിയെന്ന് പരാതിയില്ലെന്ന് രാമകൃഷ്ണൻ പറഞ്ഞു. എന്റെയും മകന്റെയും സമ്മതത്തോടെയാണ് അവർ മൃതദേഹം മോർച്ചറിയിൽനിന്നു കൊണ്ടുപോയത്. ജനങ്ങളുടെ വികാരമാണ് പ്രതിഷേധത്തിലൂടെ നടക്കുന്നത്. പ്രതിഷേധം ഉണ്ടായതുകൊണ്ടാണ് സർക്കാർ ഇടപെട്ടത്. തുടർപ്രതിഷേധങ്ങളെപ്പറ്റി ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.
അതേസമയം, മൃതദേഹവുമായുള്ള പ്രതിഷേധത്തിന് ബന്ധുക്കളുടെ സമ്മതമില്ലായിരുന്നുവെന്ന് ഇന്ദിരയുടെ സഹോദരൻ മീഡിയവണിനോട് വ്യക്തമാക്കി. പ്രതിഷേധത്തിന് ബന്ധുക്കൾ തയാറായിരുന്നു. എന്നാൽ, പ്രതിഷേധത്തെ രാഷ്ട്രീയവൽക്കരിച്ചതിനോട് യോജിപ്പില്ല. കോൺഗ്രസ് പ്രവർത്തകർ മൃതദേഹത്തോട് അനാദരവ് കാട്ടി. പൊതുവായുള്ള പ്രതിഷേധത്തോട് യോജിപ്പുണ്ട്. പ്രശ്‌നപരിഹാരമുണ്ടാക്കുമെന്ന സർക്കാർ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്നും സുരേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് കാട്ടാന ആക്രമണത്തിൽ നേര്യമംഗലം കാഞ്ഞിരവേലിയിൽ ഇന്ദിര(70) കൊല്ലപ്പെട്ടത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെയാളാണ് ഇവർ. ആനകളെ തുരത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കൃത്യമായി ഇടപെടൽ ഉണ്ടായില്ലെന്നാണു നാട്ടുകാർ പറയുന്നത്. ഇതിനിടെയാണ് പ്രതിഷേധം ഏറ്റെടുത്ത് കോൺഗ്രസ് രംഗത്തെത്തിയത്. ഇന്ദിരയുടെ മൃതദേഹവുമായി കോതമംഗലത്ത് വൻ പ്രതിഷേധം നടന്നു.
എറണാകുളം ഡി.സി.സി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നേരിട്ടെത്താതെ പോസ്റ്റുമോർട്ടത്തിനടക്കം മൃതദേഹം വിട്ടുനിൽകില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. തുടർന്ന് വൻ പൊലീസ് സന്നാഹമെത്തി വയോധികയുടെ മൃതദേഹം പ്രതിഷേധക്കാരുടെ കൈയിൽനിന്നു പിടിച്ചെടുത്തു. മൃതദേഹം സൂക്ഷിച്ച ഫ്രീസർ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കോതമംഗലത്ത് പന്തൽകെട്ടി കോൺഗ്രസ് ഉപവാസസമരം ആരംഭിച്ചത്.
Summary: 'The dead body was taken from the mortuary with my and my son's consent; There is no complaint that the Congress activists showed disrespect' - Indira's husband Ramakrishnan, who was killed in the wild elephant attack
Adjust Story Font
16