'ഞാന്‍ കേരള മുഖ്യമന്ത്രിയായാല്‍ കാറും പെട്രോളും ഡ്രൈവറും സ്വന്തം ചെലവിലാകും'; സാബു എം ജേക്കബ്
ഏതാനും ആഴ്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ട്വന്‍റി 20 പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കോണ്‍ഗ്രസിനെ മറികടന്നുവെന്ന് സാബു എം. ജേക്കബ്
കൊച്ചി: സാഹചര്യങ്ങളുടെ നിര്‍ബന്ധത്താല്‍ കേരള മുഖ്യമന്ത്രിയാകേണ്ടി വന്നാല്‍ സ്വന്തം ചെലവില്‍ കാറും പെട്രോളും ഡ്രൈവറും വെക്കുമെന്ന് ട്വന്‍റി 20 പാര്‍ട്ടിയുടെ ചീഫ് കോഡിനേറ്ററും കിറ്റക്സ് ഗാര്‍മെന്‍റ്സ് എം.ഡിയുമായ സാബു എം. ജേക്കബ്. കേരളത്തില്‍ മാറ്റത്തിനുവേണ്ടി ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്' നല്‍കിയ അഭിമുഖത്തിലാണ് സാബു എം. ജേക്കബ് രാഷ്ട്രീയ ആലോചനകള്‍ പങ്കുവെച്ചത്. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്‍റി 20യുടെ പ്രവര്‍ത്തനമെന്ന് സാബു ജേക്കബ് നേരത്തെ പറഞ്ഞിരുന്നു.
തെലങ്കാനയിൽ നിന്നുള്ള ഒരു എം.പിയാണ് കെജ്‌രിവാളുമായി അടുക്കണമെന്ന് നിർദ്ദേശിച്ചത്. ഒരു പൊതുസുഹൃത്ത് വഴി കെജ്‍രിവാളുമായി കൂടിക്കാഴ്ച ശരിയായി. ഡൽഹിയിൽ അദ്ദേഹം രാജകീയ സ്വീകരണം നൽകുകയും കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു'; സാബു എം. ജേക്കബ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതായും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
'എനിക്ക് സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ല. ഇനി ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ മുഖ്യമന്ത്രിയായാൽ എന്‍റെ സ്വകാര്യ കാർ ഉപയോഗിക്കും. ഞാൻ വാങ്ങിയ പെട്രോളിൽ ആയിരിക്കും കാർ ഓടിക്കുക, അതെന്‍റെ ഡ്രൈവർ ഓടിക്കും. എന്‍റെ സ്വന്തം ചെലവിൽ ഞാൻ കുടുംബത്തോടൊപ്പം വിദേശത്തേക്ക് പോകും, സർക്കാർ ചെലവിലായിരിക്കില്ല', സാബു ജേക്കബ് പറഞ്ഞു.
ഏതാനും ആഴ്ചകള്‍ നീണ്ട പ്രചരണം കൊണ്ട് ട്വന്‍റി 20 പാര്‍ട്ടി പ്രവര്‍ത്തകരുടെ എണ്ണം കോണ്‍ഗ്രസിനെ മറികടന്നുവെന്നും സാബു എം. ജേക്കബ് പറഞ്ഞു.
Adjust Story Font
16