Quantcast

ലക്ഷദ്വീപിലെ തിണ്ണകര ദ്വീപിൽ ആവാസ വ്യവസ്ഥ തകിടം മറിച്ച് അനധികൃത നിർമാണം

ഹൈക്കോടതി വിധിയെ കാറ്റിൽ പറത്തിയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള പ്രവേഗ് ഗ്രൂപ്പിന്‍റെ റിസോർട്ട് നിർമാണം

MediaOne Logo

Web Desk

  • Updated:

    2024-12-24 13:46:15.0

Published:

24 Dec 2024 6:39 AM GMT

lakshadweep thinnakara island
X

കോഴിക്കോട്: ലക്ഷദ്വീപിലെ തിണ്ണകര ദ്വീപിൽ ആവാസവ്യവസ്ഥ തകിടം മറിച്ച് അനധികൃത നിർമാണം. ഹൈക്കോടതി വിധി കാറ്റിൽ പറത്തിയാണ് ഗുജറാത്ത് ആസ്ഥാനമായുള്ള പ്രവേഗ് ഗ്രൂപ്പിന്‍റെ റിസോർട്ട് നിർമാണം. കണ്ടൽ കാടുകളും തെങ്ങുകളും നശിപ്പിച്ചാണ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്. ആള്‍ത്താമസമില്ലാത്ത ദ്വീപാണ് തിണ്ണകര. രാത്രിയും പകലുമായിട്ടാണ് ജെസിബിയും മറ്റും ഉപയോഗിച്ച് അനധികൃത നിര്‍മാണം നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

തീരദേശ നിയമം കാറ്റിൽ പറത്തി, കടലിനോട് ചേർന്ന് കോൺക്രീറ്റ് അടിത്തറകളിൽ ടെന്റ് സിറ്റി എന്ന പേരിലുള്ള ടൂറിസം പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. ബങ്കാരം ദ്വീപിൽ ടെന്റ്സിറ്റി എന്ന പേരിൽ പ്രവേഗ് ഗ്രൂപ്പ് നേരത്തെ നടപ്പാക്കിയിരുന്ന ടൂറിസം പദ്ധതിയാണ് ഇപ്പോൾ തൊട്ടടുത്ത തിണ്ണകരയിലേക്ക് വ്യാപിപ്പിക്കുന്നത്. അഗത്തി ദ്വീപുകാരുടെ നിയന്ത്രണത്തിലുള്ള ഭൂമിയിലേക്ക് കടന്നുകയറി തെങ്ങുകളടക്കം തീവെച്ച് നശിപ്പിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. തിണ്ണകര ദ്വീപിൽ ഇടതൂർന്ന് വളർന്നിരുന്ന കണ്ടൽകാടുകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. പദ്ധതിക്കെതിരെ സ്ഥലമുടമകൾ ഹൈക്കോടതിയെ സമീപിച്ചതോടെ നിർമാണത്തിന് കോടതി സ്റ്റേ നൽകി. ഇത് അവഗണിച്ചാണ് ഇപ്പോഴത്തെ നിർമാണം .

ലക്ഷദ്വീപിലെ സുഹേലി, തിണ്ണകര, കൽപെട്ടി ദ്വീപുകളിലെ പണ്ടാരം ഭൂമിയുടെ മേൽ സർക്കാർ അവകാശവാദമുന്നയിച്ചതിന് പിന്നാലെയാണ് ദ്വീപ് ഭരണകൂടത്തിന്റെ അനുമതിയോടെ ലക്ഷദ്വീപിലെ ഗോത്രജനതുടെ ഭൂമിക്കുമേൽ ഗുജറാത്തിൽ നിന്നുള്ള കമ്പനിയുടെ കയ്യേറ്റം.


TAGS :

Next Story