മൂന്നാർ ഹൈഡൽ പാർക്ക് നിർമാണത്തിന്‍റെ മറവില്‍ അനധികൃത മരംമുറി; ആരോപണവുമായി യു.ഡി.എഫ്
മരം മുറിച്ച് കടത്താൻ സഹായം ചെയ്ത മുൻ മന്ത്രി എം.എം മണിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
മൂന്നാർ ഹൈഡല്‍ പാര്‍ക്കിൽ സി.പി.എം ഒത്താശയോടെ അനധികൃത മരംമുറി നടന്നെന്ന് യു.ഡി.എഫ്. മരം മുറിച്ച് കടത്താൻ സഹായം ചെയ്ത മുൻ മന്ത്രി എം.എം മണിക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് സ്ഥലം സന്ദർശിച്ച ബെന്നി ബെഹനാന്‍ എം.പി ആവശ്യപ്പെട്ടു.
18 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കിൽ നിന്ന് നിർമാണപ്രവർത്തനങ്ങളുടെ മറപിടിച്ച് ഔഷധ ഗുണമുള്ളവ ഉൾപ്പടെ നൂറോളം മരങ്ങൾ മുറിച്ച് കടത്തിയെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല, മുന്‍ മന്ത്രി എം.എം മണി ചട്ടം ലംഘിച്ച് ഇഷ്ടക്കാരുള്ള സൊസൈറ്റിക്ക് അനുവദിച്ചെന്നും ബെന്നി ബെഹനാന്‍ എം.പി ആരോപിച്ചു.
റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള പാര്‍ക്കിലെ നിര്‍മ്മാണചുമതലകള്‍ കരാറുകാരെ ഏല്‍പ്പിക്കുന്നതിന് ഹൈഡല്‍ പാര്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് അധികാരം ഇല്ലെന്നും, വലിയ അഴിമതി ഇതിന് പിന്നിൽ ഉണ്ടെന്നുമാണ് യു.ഡി.എഫ് ആരോപണം. പാര്‍ക്കിലെ അനധികൃത നിര്‍മ്മാണങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. ഡീന്‍ കുര്യാക്കോസ് എം.പി, ഫ്രാന്‍സിസ് ജോര്‍ജ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ച സംഘത്തോടൊപ്പമുണ്ടായിരുന്നു.
Adjust Story Font
16