Quantcast

'തിരുകൊച്ചിയും മലബാറും ലക്ഷദ്വീപും ഗൂഢല്ലൂരും അടങ്ങുന്ന ഐക്യകേരളം'; 54ല്‍ ലീഗുയര്‍ത്തിയ ആവശ്യം ഇങ്ങനെ

1954 ജൂൺ നാലിന് കോഴിക്കോട്ടെത്തിയ വേളയിലാണ് ലീഗ് നേതാക്കളായ ബി പോക്കർ സാഹിബ്, സീതി സാഹിബ്, സിഎച്ച് മുഹമ്മദ് കോയ എന്നിവർ സംസ്ഥാന പുനഃസംഘടനാ കമ്മിഷന്‍ അംഗങ്ങളുമായി ചർച്ച നടത്തിയത്.

MediaOne Logo

Web Desk

  • Published:

    31 May 2021 12:45 PM GMT

തിരുകൊച്ചിയും മലബാറും ലക്ഷദ്വീപും ഗൂഢല്ലൂരും അടങ്ങുന്ന ഐക്യകേരളം; 54ല്‍ ലീഗുയര്‍ത്തിയ ആവശ്യം ഇങ്ങനെ
X

കോഴിക്കോട്: ലക്ഷദ്വീപിന് എതിരെയുള്ള സംഘ്പരിവാർ വേട്ടക്കിടെ ചർച്ചയാകുന്നത് 1954ൽ സംസ്ഥാന പുനഃസംഘടനാ കമ്മിഷന് മുമ്പിൽ ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് വച്ച നിർദേശങ്ങൾ. തിരുകൊച്ചിയും മലബാറും ഗൂഢല്ലൂരും കാസർക്കോടും ലക്ഷദ്വീപുകളുമടങ്ങിയ ഐക്യകേരളം രൂപീകരിക്കണമെന്നാണ് ലീഗ് പ്രതിനിധികൾ കമ്മിഷന് മുമ്പാകെ നൽകിയ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ലക്ഷദ്വീപിനെയും ഗൂഢല്ലൂരിനെയും മാറ്റി നിർത്തിയാണ് കമ്മിഷൻ ഐക്യകേരളം നിർദേശിച്ചത്.

കേരള രൂപീകരണത്തിന് മുമ്പായി സംസ്ഥാന പുനഃസംഘടനാ കമ്മിഷൻ അംഗങ്ങളായ സയ്യിദ് ഫസൽ അലി, സർദാർ കെഎം പണിക്കർ, പണ്ഡിറ്റ് ഹൃദയനാഥ കുൻസ്രു എന്നിവർ തെളിവെടുപ്പിന്റെ ഭാഗമായി കേരളത്തിലെ പല ഭാഗത്തും എത്തിയിരുന്നു. 1954 ജൂൺ നാലിന് കമ്മിഷൻ കോഴിക്കോട്ടെത്തിയ വേളയിലാണ് ലീഗ് നേതാക്കളായ ബി പോക്കർ സാഹിബ്, സീതി സാഹിബ്, സിഎച്ച് മുഹമ്മദ് കോയ എന്നിവർ കമ്മിഷൻ അംഗങ്ങളുമായി ചർച്ച നടത്തിയത്.

ഇതേക്കുറിച്ച് സിഎച്ച് മുഹമ്മദ് കോയ; രാഷ്ട്രീയജീവചരിത്രം എന്ന പുസ്തകത്തിൽ എംസി വടകര എഴുതുന്നതിങ്ങനെ;

'തിരുകൊച്ചിയും (തമിഴ് താലൂക്കുകകളടക്കം) മലബാറും ഗൂഢലൂരും കാസർക്കോടും ലക്ഷദ്വീപുകളുമടങ്ങിയ ഐക്യകേരളം രൂപീകരിക്കണമെന്നാണ് മുസ്‌ലിംലീഗിന്റെ മെമ്മോറാണ്ടത്തിൽ ആവശ്യപ്പെട്ടിരുന്നത്. മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായി തുടരുന്നത് മലബാറിന്നു ഗുണകരമല്ലെന്നും മലബാർ അവഗണിക്കപ്പെടുമെന്നും ലീഗ് പ്രതിനിധി സംഘം ചൂണ്ടിക്കാണിച്ചു. കമ്മിഷൻ ലീഗ് നേതാക്കളെ കൂടുതൽ ചർച്ചയ്ക്കായി ജൂൺ ആറാം തീയതി തലശ്ശേരിയിലേക്ക് ക്ഷണിച്ചു'.

എന്നാൽ 1956 നവംബർ ഒന്നിന് നിലവിൽ വന്ന ഐക്യകേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു താലൂക്കുകളും കൊല്ലം ജില്ലയിലെ ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗവും ഒഴിച്ചുള്ള പഴയ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനം, മദിരാശി സംസ്ഥാനത്തിലെ മലബാർ ജില്ല (ലക്ഷദ്വീപ് ഒഴിച്ച്), തെക്കൻ കർണാടകയിലെ കാസർക്കോട് താലൂക്ക് എന്നിവയാണ് ഉൾപ്പെട്ടത്. 1956ൽ ലക്ഷദ്വീപ് സമൂഹം കേന്ദ്രഭരണ പ്രദേശമായി മാറി.

TAGS :

Next Story