പകർച്ചപ്പനി ഭീഷണി: ശുചീകരണം വീടുകൾ മുതൽ സ്‌കൂളുകൾ വരെ, സംസ്ഥാനത്ത് എല്ലാ ആഴ്‌ചയും ഡ്രൈ ഡേ
എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കും. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി പടരുന്ന സാഹചര്യത്തിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. സ്കൂളുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ ശുചീകരണം. രാവിലെ 9 മണിക്ക് തിരുവനന്തപുരം പേരൂർക്കട ഗവൺമെൻറ് ജി എച്ച് എസ് എന്നിൽ മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. നാളെ സർക്കാർ-സ്വകാര്യ ഓഫീസുകളും മറ്റന്നാൾ വീടുകളിലും ശുചീകരണം നടക്കും. ഇന്നലെ മാത്രം 13409 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.
53 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നുണ്ട്. 282 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടി. ഒരു ഡെങ്കി മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഡെങ്കി ലക്ഷണങ്ങളോടെ ഒരാൾ മരിച്ചെന്നും റിപ്പോർട്ടുണ്ട്.കൂടാതെ, കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് മരിച്ച പതിമൂന്നുകാരന് എച്ച്1 എൻ1ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് മുതൽ ഡ്രൈ ഡേ ആചരിക്കാനുള്ള തീരുമാനം.
ഇന്ന് മുതൽ എല്ലാ വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടക്കും. വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച ഓഫീസുകളിലും ഞായറാഴ്ച വീടുകളിലുമാണ് ഡ്രൈ ഡേ ആചരിക്കുന്നത്. പകർച്ചപ്പനി പ്രതിരോധവുമായി ബന്ധപ്പെട്ട് ഇന്നലെ വളരെ നിർണായകമായ ഒരു യോഗം തിരുവനന്തപുരത്ത് ചേർന്നിരുന്നു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്, വി ശിവൻകുട്ടി. എംബി രാജേഷ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Adjust Story Font
16