Quantcast

സമസ്തയെ വരുതിയിൽ നിർത്താനുള്ള ലീഗ് നീക്കം അപകടകരം: ഐഎൻഎൽ

ഉമർ ഫൈസിക്കെതിരായ നീക്കം സമസ്തയെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    31 Oct 2024 5:24 AM GMT

INL supports Umer faizy Mukkam
X

കോഴിക്കോട് : സുന്നി പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയെ പാർട്ടിയുടെ വരുതിയിൽ നിർത്താനും സംഘടനയുടെ അന്തസാർന്ന അസ്തിത്വം ചോദ്യം ചെയ്യാനുമുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നീക്കം അംഗീകരിക്കാനാവില്ലെന്നും നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സമസ്തയെ നശിപ്പിക്കാൻ അനുവദിക്കരുതെന്നും ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ. സമസ്തയുടെ ഒരു വേദിയിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്ക് ഖാദിയാവാൻ യോഗ്യതയില്ലെന്നും നാടു നീളെ ഖാദി ഫൗണ്ടേഷൻ ഉണ്ടാക്കുന്നത് സമസ്തയോടുള്ള വെല്ലുവിളിയാണെന്നും മുശാവറ അംഗം ഉമർ ഫൈസി മുക്കം അഭിപ്രായപ്പെട്ടത് മുസ്ലിംലീഗിന്റെ മർമത്ത് കൊണ്ടതാണ് ഇപ്പോഴത്തെ പിടച്ചിലിന് പിന്നിൽ.

പാർട്ടി ലേബലിൽ തുടരുന്ന ആത്മീയ വ്യവസായത്തിന്മേൽ കല്ലുവന്നു വീണതാണ് ലീഗ് നേതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. സമസ്ത പണ്ഡിതന്മാർ ലീഗിന് രുചിക്കാത്തതൊന്നും പറയാൻ പാടില്ല എന്ന ദുശ്ശാഠ്യം സമസ്തയും അതിന്റെ സാരഥികളും പാർട്ടിയുടെ അടിമകളാണെന്ന ധിക്കാര മനോഭാവത്തിന്റെ പ്രതിഫലനമാണ്. ഉമർ ഫൈസിക്കെതിരെ കേസ് കൊടുക്കാനും ജിഫ്രി തങ്ങൾ അടക്കമുള്ളവരുടെ പ്രസ്താവനയെ തള്ളിപ്പറയാനും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ രംഗത്തുവന്നത് സമസ്തയെ അടിച്ചമർത്താനുള്ള നീക്കത്തിന്റെ ഭാഗമാണ്. ഈ പോരിൽ ഉമർ ഫൈസി ഒറ്റക്കല്ലെന്നും സമസ്തയെ തൊട്ടാൽ അടങ്ങിയിരിക്കില്ലെന്നുമുള്ള സൂചനയാണ് മുശാവറ അംഗങ്ങളായ ഒമ്പതുപേർ ഉമർ ഫൈസിക്ക് നൽകിയ പിന്തുണ തെളിയിക്കുന്നതെന്നും കാസിം ഇരിക്കൂർ പറഞ്ഞു.

TAGS :

Next Story