ഇന്നസെന്റിന്റെ മൃതദേഹം ഇൻഡോർ സ്റ്റേഡിയത്തിൽ; ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ
നാളെ രാവിലെ പത്ത്മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം
നടനും മുൻ എംപിയുമായിരുന്ന ഇന്നസെന്‍റിന് ആദരാഞ്ജലി അർപ്പിച്ച് ആയിരങ്ങള്‍. കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിലാണ് പൊതുദർശനം നടക്കുന്നത്. മന്ത്രി കെ. രാജൻ, ആർ ബിന്ദു തുടങ്ങിയവർ നേരത്തെ തന്നെ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നു. മന്ത്രി പി.രാജീവ്, എംവി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സംവിധായകൻ ഫാസില്‍, നടന്‍മാരായ മമ്മൂട്ടി, സിദ്ദിഖ്, മുകേഷ്, വിനീത്, കുഞ്ചൻ, ബാബുരാജ്, ഹരിശ്രി അശോകൻ, ഷാജോൺ, നടി മുക്ത തുടങ്ങി നിരവധി പേരും ഇന്നസെന്റിനെ ഒരു നോക്ക് കാണാനായി സ്‌റ്റേഡിയത്തിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഒരുമണി വരെയാണ് സ്‌റ്റേഡിയത്തിൽ പൊതുദർശന ചടങ്ങളുകൾ നടക്കുക. ശേഷം വിലാപയാത്രയായി ജന്മനാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. മൂന്ന് മണി മുതൽ ഇരിങ്ങാലക്കുടയിലെ വീട്ടിലായിരിക്കും പൊതുദർശനം. നാളെ രാവിലെ പത്തുമണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലാകും സംസ്‌കാരം.
ന്യൂമോണിയ ബാധിച്ച് ഈ മാസം നാലിനാണ് ഇന്നസെന്റിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആദ്യ ദിവസങ്ങളിൽ മരുന്നിനോട് പ്രതികരിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി ഗുരുതരമാവുകയായിരുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഒരാഴ്ചയോളം ജീവൻ നിലനിർത്തിയത്. അപ്പോഴും പ്രതീക്ഷയോടെ ആരാധക ലോകം കാത്തിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്നും വന്ന വാർത്തകൾ ശുഭസൂചകമായിരുന്നില്ല.
രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗം ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് വിലയിരുത്തി. മന്ത്രിമാരും ചലച്ചിത്രമേഖലയിലെ പ്രമുഖരും രാത്രി തന്നെ ആശുപത്രിയിലെത്തിയിരുന്നു. പ്രതീക്ഷയോടെ ആരാധകരും ആശുപത്രിക്ക് മുന്നിൽ കാവൽ നിന്നു. രാത്രി പത്തേമുക്കാലോടെ മന്ത്രി പി. രാജീവ് മഹാനടന്റെ വിയോഗ വാർത്തയറിയിച്ചു.
Adjust Story Font
16