Quantcast

'ഓപ്പറേഷൻ ഫാനം'; ഹോട്ടലുകളിൽ ജിഎസ്ടി വകുപ്പിന്റെ പരിശോധന; കോടികളുടെ നികുതി തട്ടിപ്പ്

അഞ്ച് കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും

MediaOne Logo

Web Desk

  • Published:

    28 Jun 2024 9:13 AM GMT

Inspection by GST department on hotels
X

തിരുവനന്തപുരം: ഹോട്ടലുകളും റസ്റ്റോറന്റുകളും കേന്ദ്രീകരിച്ച് ജിഎസ്ടി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ കോടികളുടെ നികുതി തട്ടിപ്പ് കണ്ടെത്തി. 139.53 കോടി രൂപയുടെ തട്ടിപ്പാണ് ജിഎസ്ടി വകുപ്പ് കണ്ടെത്തിയത്. സംസ്ഥാനത്തെ 42 ഹോട്ടലുകളിലാണ് ജിഎസ്ടി വകുപ്പ് പരിശോധന നടത്തിയത്.

ജിഎസ്ടിയുടെ ഇന്റലിജൻസ് വിഭാഗം ആറുമാസത്തിലധികം നിരീക്ഷണം നടത്തിയ ശേഷമാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. ഇന്നലെ ഉച്ചയോടെ ആരംഭിച്ച പരിശോധന ഇന്ന് പുലർച്ചെ വരെ നീണ്ടു. ഹോട്ടലുകളും റസ്റ്റോറന്റുകളും ഉൾപ്പെടെ 42 സ്ഥാപനങ്ങളിലാണ് ഓപ്പറേഷൻ ഫാനം എന്ന് പേരിൽ പരിശോധന നടത്തിയത്.

പരിശോധനയിൽ ഈ സ്ഥാപനങ്ങൾ വലിയതോതിലുള്ള നികുതി തട്ടിപ്പ് നടത്തിയതായി ജിഎസ്ടി കണ്ടെത്തി. 139.53 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളത്. വിവിധ ഹോട്ടലുകളിൽ നിന്നായി 50 ലക്ഷം രൂപ പിഴ ഈടാക്കി. അഞ്ചു കോടി രൂപയ്ക്ക് മുകളിൽ തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ ഉടമകൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കും.

സംസ്ഥാന ചരക്ക് സേവനനികുതി വകുപ്പിന്റെ ഇന്റലിജന്റ്സ്, എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്. അതേസമയം, റെയ്ഡിന്റെ പേരിൽ ജിഎസ്ടി വകുപ്പ് തങ്ങളെ പീഡിപ്പിക്കുകയാണെന്നും രാപ്പകൽ ഇല്ലാതെ വീടുകളിൽ അടക്കം പരിശോധന നടത്തുകയാണെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. ജിഎസ്ടി വകുപ്പിന്റെ നടപടികൾക്ക് എതിരെ ജിഎസ്ടി കൗൺസിലിൽ‌ പരാതി നൽകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

TAGS :

Next Story