'വൃത്തികെട്ട കോമാളി വേഷം'; ഗായകൻ സന്നിധാനന്ദനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; പിന്തുണയുമായി ഹരിനാരായണൻ
കണ്ടാൽ ആരും പേടിച്ചുപോവുമെന്നും അറപ്പാകുന്നു എന്നും പോസ്റ്റിൽ പറയുന്നു.
മുടി നീട്ടിവളർത്തിയതിന്റെ പേരിൽ ഗായകൻ സന്നിധാനന്ദന് നേരെ സോഷ്യൽമീഡിയയിൽ അധിക്ഷേപ പോസ്റ്റ്. ഉഷാ കുമാരി എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അധിക്ഷേപ പരമാർശം ഉണ്ടായത്. വൃത്തികെട്ട കോമാളി വേഷമെന്നും കണ്ടാൽ ആരും പേടിച്ചുപോവുമെന്നും അറപ്പാകുന്നു എന്നുമൊക്കെയാണ് അധിക്ഷേപം.
ഗായകൻ വിധു പ്രതാപിനെതിരെയും അധിക്ഷേപമുണ്ട്. 'കലാകാരന്മാരെ ഇഷ്ടമാണ് പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്ടമല്ല. സത്യത്തിൽ പെട്ടന്നു കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു' എന്നാണ് ഇവരുടെ ഒരു പോസ്റ്റ്. ഗായകന്റെ കുടുംബ ചിത്രം പങ്കുവച്ചാണ് ഈ പോസ്റ്റ്.
'ആൺകുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധു പ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ്'- എന്നാണ് ഇവരുടെ മറ്റൊരു പോസ്റ്റ്. പോസ്റ്റ് വിവാദമായതോടെ ഇവർ ഇത് പിൻവലിച്ചു.
അതേസമയം, അധിക്ഷേപത്തിന് ഇരയായ സന്നിധാനന്ദന് പിന്തുണയുമായി കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ രംഗത്തെത്തി. കാൽച്ചുവട്ടിലെ കനലാണ് അവന്റെ കുരലെന്നും ഇനിയും മുടിയഴിച്ചിട്ട് തന്നെ അവൻ പാടമെന്നും ഹരിനാരായണൻ ഫേസ്ബുക്കിൽ കുറിച്ചു.
നാവില്ലാത്ത ശബ്ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് അവന് പാട്ടിനോടുള്ള കമ്പം. അന്നുമുതൽ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിന്റെയും രൂപത്തിന്റെയും പേരിലുള്ള കളിയാക്കൽ. ഏറ്റവും തഴമ്പിച്ച അവഗണനകളാണ് അവന്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജിച്ച മനുഷ്യത്വമാണ് അവന്റെ ബലം- ഹരിനാരായണൻ വിശദമാക്കി. ഗായകന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Adjust Story Font
16