ഊർജപ്രതിസന്ധി പരിഹരിക്കാൻ തീവ്രശ്രമം; സ്റ്റോക്കുള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കും
യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്‌സ്പ്രസ്സ്, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകളാണ് ഇന്നലെ റെയിൽ വേ റദ്ദാക്കിയത്
ഡല്‍ഹി: രാജ്യത്തെ കൽക്കരി ക്ഷാമം മൂലം ഉണ്ടായ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രം ഊർജിത ശ്രമം തുടങ്ങി. രാജ്യത്ത് സ്റ്റോക്ക് ഉള്ള കൽക്കരി ഉടൻ താപനിലയങ്ങളിൽ എത്തിക്കുമെന്ന് കൽക്കരി മന്ത്രാലയം അറിയിച്ചു. 5.75 മെട്രിക് ടൺ കൽക്കരി കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ഊർജ കമ്പനികൾക്ക് കോൾ ഇന്ത്യ ലിമിറ്റഡ് കൈമാറും. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് 27.2 ശതമാനം അധികം കൽക്കരി ഇത്തവണ കോൾ ഇന്ത്യ ലിമിറ്റഡ് ഉൽപ്പാദിപ്പിച്ചുവെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. കൽക്കരി നീക്കം സുഗമമാക്കാൻ പൂർണ സജ്ജമാണെന്ന് റെയിൽവേയും അറിയിച്ചു. യുദ്ധകാലാടിസ്ഥാനത്തിൽ കൽക്കരി എത്തിക്കാനായി മെയിൽ, എക്‌സ്പ്രസ്സ്, പാസഞ്ചർ ട്രെയിനുകളടക്കം 657 ട്രെയിനുകളാണ് ഇന്നലെ റെയിൽ വേ റദ്ദാക്കിയത്.
ഇന്ധന ക്ഷാമം പരിഹരിക്കുന്നതിനായി കൽക്കരി ട്രെയികളുടെ യാത്ര സുഗമമാക്കാനാണ് നീക്കം. ഇതിനായി 42 പാസഞ്ചർ ട്രെയിനുകൾ നേരത്തെ റദ്ദാക്കിയിരുന്നു. പല സംസ്ഥാനങ്ങളിലെയും വൈദ്യുതി നിലയങ്ങളിലെ സ്റ്റോക്ക് വളരെ കുറവായതിനാലാണ് ഇത്തരം നടപടി. താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് റെയിൽവേ അധികൃതർ അറിയിച്ചിരുന്നു.
Adjust Story Font
16