കാലിക്കറ്റ് സർവകലാശാലയിൽ ഇന്റേണൽ മാർക്ക് തിരുത്തൽ തുടരുന്നു; 2022-23 കാലയളവിൽ തിരുത്തിയത് 22 പേരുടെ മാർക്ക്
സർക്കാരിന്റെ ഓഡിറ്റ് പരിശോധനയിലാണ് കണ്ടെത്തല്‍

കോഴിക്കോട്: ഫല പ്രഖ്യാപനത്തിന് ശേഷം ചട്ടവിരുദ്ധമായി ഇൻ്റേണൽ മാർക്ക് തിരുത്തുന്നത് തുടർന്ന് കാലിക്കറ്റ് സർവകലാശാല.2022-23 കാലയളവിൽ മാത്രം 22 പേരുടെ ഇൻ്റേണൽ മാർക്കാണ് തിരുത്തിയത്. സർക്കാർ ഓഡിറ്റ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ടിലേതാണ് കണ്ടെത്തലുകൾ.
സർവകലാശാലയുടെ ഹാൻഡ് ബുക്ക് ഓഫ് എക്സാമിനേഷൻ പ്രകാരം ഇൻ്റേണൽ മാർക്ക് പ്രസിദ്ധീകരിച്ച ശേഷം പരാതികൾ നൽകുന്നതിനായി മൂന്ന് ദിവസം അനുവദിക്കണം. പരാതികളില്ലെങ്കിൽ സർവകലാശാല അനുവദിക്കുന്ന സമയപരിധിക്കുള്ളിൽ മാർക്ക് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യാം. അപ്‌ലോഡ് ചെയ്‌ത മാർക്കിൻ്റെ പ്രിൻ്റ് ഔട്ട് എടുത്ത് നോട്ടീസ് ബോർഡിൽ വീണ്ടും പ്രസിദ്ധീകരിക്കണം.
ഇൻ്റേണൽ മാർക്ക് വിദ്യാർഥികളുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും യഥാർഥ രേഖകളുമായി ഒത്തുനോക്കി പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തിയെന്നുമുള്ള സാക്ഷ്യപത്രത്തോടുകൂടി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത മാർക്കിൻ്റെ പകർപ്പ് പരീക്ഷാ കൺട്രോളർക്ക് അയച്ചു കൊടുക്കണം. റിസൾട്ട് പ്രസിദ്ധീകരിച്ചതിന് ശേഷം മാർക്കിൽ മാറ്റം വരുത്താനോ തിരുത്താനോ ചട്ടം അനുവദിക്കുന്നില്ല.
എന്നാല്‍ 2022-23 കാലയളവിൽ 22 പേർക്ക് ഫലപ്രഖ്യാപനത്തിന് ശേഷം ഇൻ്റേണൽ മാർക്കുകൾ തിരുത്താൻ അനുവാദം നൽകിയിട്ടുണ്ടെന്നാണ് ഓഡിറ്റ് വകുപ്പിൻ്റെ കണ്ടെത്തൽ. അതേസമയം, ഇൻ്റേണൽ മാർക്കിന്റെ ഘടകങ്ങൾ പരിശോധിക്കാൻ പരീക്ഷാ കൺട്രോളറെ ചുമതലപ്പെടുത്തിയ സ്റ്റാന്റിങ് കമ്മിറ്റിയുടെ തീരുമാന പ്രകാരം ഒറിജിനൽ രേഖകൾ പരിശോധിച്ചു ശരിയാണെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് മാർക്ക് തിരുത്തിയത് എന്നാണ് സർവകലാശാല നൽകുന്ന മറുപടി. ഈ മറുപടി തൃപ്തികരമല്ലെന്നും ക്രമ വിരുദ്ധ നടപടികൾ ആവർത്തിക്കരുതെന്നും റിപ്പോർട്ട് പറയുന്നു.
Adjust Story Font
16