'സതീഷ്കുമാർ ഒരു കോടി നൽകി'; കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ ജ്വല്ലറി ഉടമയുടെ മൊഴി
സുനിൽകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയിലേക്ക് കടക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ എസ്.ടി ജ്വല്ലറി ഉടമ സുനിൽ കുമാറിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. കേസിലെ ഒന്നാം പ്രതി സതീഷ് കുമാറുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് സുനിൽ കുമാർ പറഞ്ഞു.
മകളുടെ കല്യാണവുമായി ബന്ധപ്പെട്ട് സതീഷ് കുമാർ ഒരു കോടി രൂപ തന്നിരുന്നതായി സുനിൽകുമാർ മൊഴി നൽകി. വരുംദിവസങ്ങളിലും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ടെന്നും സതീഷ് കുമാറുമായി സുഹൃത്ത് ബന്ധം മാത്രമാണെന്നും സുനിൽകുമാർ പ്രതികരിച്ചു.
സുനിൽകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ വിശദമായ പരിശോധനയിലേക്ക് കടക്കാനും ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഏത് നിലയിൽ വന്ന പണമാണ് ഇതെന്ന് കണ്ടെത്താനുള്ള പരിശോധനയാണ് നടത്തുക.
നേരത്തെ, കേസിൽ ഒന്നാംപ്രതിയായ സതീഷ് കുമാർ വായ്പാ തട്ടിപ്പിലൂടെ 14 കോടി രൂപ സ്വന്തമാക്കിയിരുന്നതായി ഇ.ഡി കണ്ടെത്തിയിരുന്നു. ഇങ്ങനെ നേടിയ പണമാണോ സുനിൽകുമാറിന് നൽകിയതെന്നും പരിശോധിക്കാനാണ് ഇ.ഡി നീക്കം. ഇതുമായി ബന്ധപ്പെട്ടാണ് സുനിൽകുമാറിനെ ചോദ്യം ചെയ്തത്.
ഇതിനിടെ, സതീഷ് കുമാറിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ച് ഇ.ഡിക്ക് പരാതി ലഭിച്ചു. വായ്പ ടേക്ക് ഓവർ ചെയ്തെന്നാരോപിച്ച് തൃശൂർ സ്വദേശിനി സിന്ധുവാണ് പരാതി നൽകിയത്. തൃശൂർ ജില്ലാ സഹകരണബാങ്കിൽ നിന്ന് 18 ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് വായ്പാ ടേക്ക് ഓവറിനായി സതീഷ് കുമാറിനെ സമീപിക്കുന്നത്.
തുടർന്ന് വായ്പ ടേക്ക് ഓവർ ചെയ്ത സതീഷ് കുമാർ 18 ലക്ഷത്തിൽ നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് സിന്ധുവിന്റെ പരാതി. ഇതോടെ താൻ 73 ലക്ഷത്തിന്റെ ബാധ്യതയിലേക്ക് വീണെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയിലുള്ള കൂടുതൽ അന്വേഷണവും ഇ.ഡി നടത്തും.
ഇതോടൊപ്പം, പെരിങ്ങണ്ടൂർ സർവീസ് സഹകരണബാങ്ക് സെക്രട്ടറിയുടെയും വ്യവസായി ജയരാജിന്റേയും ചോദ്യം ചെയ്യൽ ഇ.ഡിയുടെ കൊച്ചി ഓഫീസിൽ പുരോഗമിക്കുകയാണ്.
Adjust Story Font
16