കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തു
നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധം ശക്തം. കട്ടപ്പന സ്വദേശി മുളങ്ങാശ്ശേരിയിൽ സാബുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് , ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സാബുവിന്‍റെ മൃതദേഹം ബാങ്കിന് മുന്നിൽ നിന്ന് മാറ്റാൻ കഴിഞ്ഞിട്ടില്ല.
സിപിഎം നിയന്ത്രണത്തിലുള്ള കട്ടപ്പന റൂറൽ ഡെവലപ്മെന്‍റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നിലാണ് സാബുവിനെ മരിച്ച നിലയിൽ കണ്ടത്. നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ട് സാബു ഇന്നലെ ബാങ്കിൽ എത്തിയിരുന്നു. സാബുവിന് 25 ലക്ഷത്തോളം രൂപ നിക്ഷേപമുണ്ടെന്നാണ് വിവരം. ഭാര്യയുടെ ചികിൽസാർത്ഥം പണം ആവശ്യപ്പെട്ടെത്തിയ സാബുവിനെ ജീവനക്കാർ അപമാനിച്ചിറക്കി വിട്ടെന്ന പരാമർശം ആത്മഹത്യാക്കുറിപ്പിലുമുണ്ട്. സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി- കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി.
അതേസമയം സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും നിക്ഷേപകർക്ക് ഘട്ടം ഘട്ടമായി പണം നൽകുന്നുണ്ടെന്നുമാണ് ബാങ്കധികൃതരുടെ വിശദീകരണം. ജനരോഷമുയർന്നതോടെ വൻ പൊലീസ് സന്നാഹവും സ്ഥലത്തെത്തിയിട്ടുണ്ട്.
Adjust Story Font
16