സുരക്ഷാ സഹകരണം വ്യാപിപ്പിക്കാൻ ഇറാൻ- ഇറാഖ് ധാരണ
അതിർത്തി പ്രദേശങ്ങളിലെ അസ്വാസ്ഥ്യങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു
ബഗ്ദാദ്: സുരക്ഷാ മേഖലയിൽ ശക്തമായ സഹകരണം തുടരാൻ ഇറാനും ഇറാഖും തമ്മിൽ ധാരണ. അമേരിക്കൻ അധിനിവേശം നടന്നതിന്റെ ഇരുപതാം വാർഷികദിനത്തിൽ ബഗ്ദാദിൽ ചേർന്ന യോഗത്തിലാണ് ഉഭയകക്ഷി ധാരണ. അതിർത്തി പ്രദേശങ്ങളിലെ അസ്വാസ്ഥ്യങ്ങൾ പരിഹരിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
മൂന്ന് ലക്ഷത്തോളം ഇറാഖികളുടെ മരണത്തിനിടയാക്കിയ അമേരിക്കൻ അധിനിവേശവും തുടർ നടപടികളും കടുത്ത പ്രതിഷേധം രൂപപ്പെടുത്തിയ ഇരുപതാം വാർഷികദിനത്തിൽ തന്നെയാണ് കൂടുതൽ യോജിച്ച് പ്രവർത്തിക്കാനുള്ള ഇറാൻ, ഇറാഖ് ധാരണ. ഇറാൻ സുരക്ഷാ മേധാവി അലി ശംകാനിയും ഇറാഖ് അുരക്ഷാ മേധാവി ഖാസിം അൽ അറാജിയും തമ്മിൽ ബഗ്ദാദിൽ നടന്ന ചർച്ചയിലാണ് സുരക്ഷാ മേഖലയിൽ ഒരുമിച്ചു നീങ്ങാനുള്ള തീരുമാനം. സൗദി അറേബ്യയുമായി നയതന്ത്ര ബന്ധം പുന:സ്ഥാപിക്കാൻ തീരുമാനിച്ച ഇറാൻ യു.എ.ഇ ഉള്‍പ്പടെ ഗൾഫ് രാജ്യങ്ങളുമായും കൈകോർക്കാനുള്ള തിടുക്കത്തിലാണ്. അലിം ശംകാനി കഴിഞ്ഞ ദിവസം അബൂദബിയിൽ യു.എ.ഇ പ്രസിഡൻറ് ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയാണ് ബഗ്ദാദിലെത്തിയത്. ഇറാഖിലും ഗൾഫ് മേഖലയിലും രൂപപ്പെട്ട അസ്വാസ്ഥ്യങ്ങൾക്ക് പിന്നിൽ ഇറാൻ ആണെന്ന അമേരിക്കൻ പ്രചാരണത്തിനിടയിലാണ് ശംകാനിയുടെ ഗൾഫ്, ഇറാഖ് പര്യടനം. ഗൾഫ് മേഖലയി പ്രശ്നങ്ങൾ അമേരിക്കയുടെ സൃഷ്ടിയാണെന്ന്ഇറാഖ് അധിനിവേശ വാർഷിക ദിനത്തിൽ ഇറാൻ കുറ്റപ്പെടുത്തി. അയൽ രാജ്യങ്ങളുമായി കൂടുതൽ സഹകരണത്തിന് ഒരുക്കമാണെന്നും ഇറാൻ നേതൃത്വം അറിയിച്ചു. സൗദിയും മറ്റു ഗൾഫ് രാജ്യങ്ങളുമായുള്ള സുരക്ഷാ കരാറുകൾ പൂർണമായി പാലിക്കുമെന്നും ഇറാൻ വ്യക്തമാക്കുന്നു. ഇറാഖ്, ഇറാൻ സുരക്ഷാ സഹകരണ കരാർ മേഖലയിൽ അമേരിക്കക്ക് പുതിയ തിരിച്ചടിയാണ്.
Adjust Story Font
16