Quantcast

ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയോ?; എൽദോസ് കുന്നപ്പിള്ളിയുടെ ബലാത്സംഗക്കേസിൽ ഹൈക്കോടതി

ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി

MediaOne Logo

Web Desk

  • Updated:

    2022-11-14 13:15:46.0

Published:

14 Nov 2022 10:27 AM GMT

ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയോ?; എൽദോസ് കുന്നപ്പിള്ളിയുടെ ബലാത്സംഗക്കേസിൽ ഹൈക്കോടതി
X

എറണാകുളം: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ എൽദോസ് കുന്നപ്പിള്ളിലും പരാതിക്കാരിയും തമ്മിലുണ്ടായിരുന്നതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി. ആദ്യ മൊഴി വായിച്ചാൽ പരസ്പര സമ്മതത്തോടു കൂടി ആണ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെതെന്ന് മനസ്സിലാകും. ആദ്യ പരാതിയിൽ ലൈംഗിക പീഡനമുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിൽ വാദം തുടരവെയാണ് ഹൈക്കോടതി സംശയമുന്നയിച്ചത്.

പ്രോസിക്യൂഷന്റെയും എൽദോസ് കുന്നപ്പിള്ളിയുടെ അഭിഭാഷകന്റെയും വാദം ഹൈക്കോടതിയിൽ പുരോഗമിക്കുകയാണ്. അതിജീവിതയുടെ മൊഴി സംബന്ധിച്ച് കോടതി ചില സംശയങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ പരസ്പര സമ്മത പ്രകാരമാണ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതെന്ന് അതിജീവത പറയുന്നു. പിന്നീട് എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചുവെന്നും അതിജീവിത പരാതിപ്പെടുന്നു. ഇത് എത്രമാത്രം വിശ്വസനീയമാണെന്ന സംശയം ഉന്നയിച്ചിരിക്കുകയാണ് ജസ്റ്റിസ് കൗസർ എടപ്പകത്ത്. സംഭവിച്ചതെല്ലാം പ്രോസിക്യൂഷനും അതിജീവിതയും വിവരിച്ച് നൽകിയപ്പോൾ സിനിമ കഥ കേൾക്കുന്നത് പൊലെയുണ്ടെന്നായിരുന്നു കോടതിയുടെ പരിഹാസം. അതേ സമയം കഥയല്ലെന്നും യഥാർഥമായി സംഭവിച്ച കാര്യങ്ങളാണെന്നും പ്രോസിക്യൂഷൻ മറുപടി നൽകി. ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ആദ്യ പരാതിയിൽ ലൈംഗിക പീഡന പരാതി ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പരാതിക്കാരിയെ കോവളത്ത് ആത്മഹത്യാ മുനമ്പില്‍ വച്ചു തള്ളിയിടാന്‍ പ്രതി ശ്രമിച്ചതായി പൊലീസ് കോടതിയെ അറിയിച്ചു. എല്‍ദോസ് കുന്നപ്പിള്ളിക്കായി കോടതിയിൽ ഹാജരായ അഭിഭാഷകർക്കെതിരായ നടപടികൾ കോടതി തടഞ്ഞിട്ടുണ്ട്. അഭിഭാഷകർക്കെതിരായി റജിസ്റ്റർ ചെയ്ത എഫ്ഐആർ ഈ ഘട്ടത്തിൽ റദ്ദാക്കാനാകില്ലെന്നും കോടതി അറിയിച്ചു. വഞ്ചിയൂർ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നാണാവശ്യപ്പെട്ടാണ് പ്രതിയുടെ അഭിഭാഷകർ കോടതിയെ സമീപിച്ചത്. എൽദോസ് കുന്നപ്പിള്ളിക്കു നിയമ സഹായം നൽകുന്നതിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേസെടുത്തിരിക്കുന്നത് എന്ന വാദമാണ് അഭിഭാഷകർ കോടതിൽ ഉയർത്തിയത്.

എല്‍ദോസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹരജിയില്‍ വാദം കേള്‍ക്കുന്നത് നാളെയും തുടരും. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങളുടെ നാള്‍വഴികള്‍ അവിശ്വസനീയമാണെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ നിരീക്ഷണം. പരാതിക്കാരിയുടെ മൊഴിയായി സര്‍ക്കാര്‍ വിവരച്ചിച്ച കാര്യങ്ങള്‍ പരിശോധിക്കുമ്പോൾ കൊലപാതക ശ്രമം പോലും കേസില്‍ നിലനില്‍ക്കില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

ലൈംഗിക ബന്ധത്തിന് വഴങ്ങാത്തതിനാല്‍ എംഎല്‍എ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും ജാമ്യവ്യവസ്ഥ ലംഘിച്ച് എംഎല്‍എ ഇപ്പോഴും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. എല്‍ദോസ് കുന്നപ്പിള്ളിലിന്റെ ഭാര്യ നടത്തിയ വാട്സപ് ചാറ്റും പരാതിക്കാരി കോടതിക്ക് കൈമാറി. സമൂഹത്തിന് മാതൃക ആകേണ്ട എംഎല്‍എയില്‍‍ നിന്നാണ് ഇത്തരം പ്രവൃത്തികള്‍ ഉണ്ടായതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. പരാതിക്കാരിയുടെ മൊഴി പകര്‍പ്പ് ഇന്നും പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടു. ഹരജിയില്‍ നാളെ എല്‍ദോസിന്റെ വാദമാണ് നടക്കുക. പരാതിക്കാരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ്‌ എല്‍ദോസിന്റെ വാദം.


TAGS :

Next Story