ലബനാനിൽ ആക്രമണം ശക്തമാക്കാൻ ഇസ്രായേൽ; ഗസ്സയിലും ഇസ്രായേൽ ആക്രമണം തുടരുകയാണ്
നയതന്ത്ര പ്രശ്നപരിഹാരമാണ് ലബനാൻ- ഗസ്സ വിഷയത്തിൽ വേണ്ടതെന്ന് വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു
ബെയ്റൂത്ത്: ദക്ഷിണ ഹൈഫയിലെ സൈനിക കേന്ദ്രത്തിനുനേരെ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിന് കനത്ത തിരിച്ചടി ഉറപ്പാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹൈഫയിലെ സൈനിക ആസ്ഥാനം സന്ദർശിച്ച നെതന്യാഹു, ബെയ്റൂത്ത് ഉൾപ്പെടെ ലബനാനിലെ എല്ലാ ഭാഗങ്ങളിലേക്കും ആക്രമണം വ്യാപിപ്പിക്കുമെന്നും വ്യക്തമാക്കി.
ഇന്നലെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായും അറുപതിലേറെ പേർക്ക് പരിക്കേറ്റതായും ലബനാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കിർയത് ഷ്മോന ഉൾപ്പെടെ ഇസ്രായേൽ പ്രദേശങ്ങളിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ ഹിസ്ബുല്ലയും തിരിച്ചടിച്ചു. പത്ത് ലക്ഷത്തിലേറെ ഇസ്രായേലികൾ മണിക്കൂറുകളാണ് ഭൂഗർഭ സുരക്ഷാ കേന്ദ്രങ്ങളിലും മറ്റും തങ്ങേണ്ടി വന്നത്.
ഇസ്രായേലിനെ ചെറുക്കാൻ ഏറ്റവും ശക്തമായ മിസൈലുകളും ആയുധങ്ങളും തങ്ങളുടെ പക്കൽ സജ്ജമാണെന്ന് വിവരിക്കുന്ന പുതിയ വീഡിയോ ഹിസ്ബുല്ല പുറത്തുവിട്ടു. നെതന്യാഹുവിൻ്റെ അധ്യക്ഷതയിൽ രാത്രി ചേർന്ന സുരക്ഷാ മന്ത്രിസഭാ യോഗം ലബനാൻ, ഇറാൻ ആക്രമണം സംബന്ധിച്ച് വിശദചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, നയതന്ത്ര പ്രശ്നപരിഹാരമാണ് ലബനാൻ, ഗസ്സ വിഷയത്തിൽ വേണ്ടതെന്ന് ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഗസ്സയിലും ഇസ്രായേലിന്‍റെ കുരുതി വ്യാപകമാണ്. അഭയാർഥികൾ താമസിക്കുന്ന ടെന്റുകൾ ബോംബാക്രമണത്തിൽ ചുട്ടെരിച്ച ഇസ്രായേൽ സേന നുസൈറാത്തിൽ അഭയാർഥി ക്യാമ്പായി പ്രവർത്തിക്കുന്ന സ്കൂളിനും ബോംബിട്ടു. രണ്ടിടങ്ങളിലും മുപ്പതോളം പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കുണ്ട്.
Adjust Story Font
16