'സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നെന്ന പ്രസ്താവന വസ്തുതക്ക് നിരക്കാത്തത്'; വെള്ളാപ്പള്ളി നടേശനെതിരെ ജമാഅത്തെ ഇസ്‍ലാമി
''തെറ്റായ പ്രസ്താവന വെള്ളാപ്പള്ളി തിരുത്തണം''
കോഴിക്കോട്: സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നെന്ന വെള്ളാപ്പള്ളി നടേശന്‍റെ പ്രസ്താവന വസ്തുതാവിരുദ്ധവും സത്യസന്ധതക്ക് നിരക്കാത്തതെന്ന് ജമാഅത്തെ ഇസ്‍ലാമി.
'വെള്ളാപ്പള്ളിക്ക് മുമ്പ് തന്നെ കേരളത്തിലെ മുസ്‍ലിം സമുദായം അനർഹമായി പലതും നേടിയെടുക്കുന്നു എന്ന രീതിയിലുള്ള പ്രചാരണം പല കേന്ദ്രങ്ങളിലും രൂപപ്പെടുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ഇതിന്റെ വസ്തുത വെളിപ്പെടുത്തുന്ന രീതിയിലുള്ള ധവളപത്രം സർക്കാർ പുറത്തിറക്കണം'. തെറ്റായ പ്രചാരണം അർഹമായ അവകാശം ചോദിക്കുന്നതിന് കഴിയാത്ത സാഹചര്യം ഒരുക്കുമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്‌മാൻ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
'തെറ്റായ പ്രസ്താവന വെള്ളാപ്പള്ളി തിരുത്തണം. സമുദായങ്ങൾ തമ്മിലെ പ്രശ്നമായി ഇതിനെ സർക്കാർ വിട്ടുകൊടുക്കരുത്. ആനുപാതികമായ പ്രാതിനിധ്യം സർക്കാർ ജോലിയിൽ ഇല്ല. ജനപ്രതിനിധികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‍ലിം പ്രാതിനിധ്യം കുറവാണ്'.. അദ്ദേഹം പറഞ്ഞു.
സമസ്തയിലെ പ്രശ്നത്തിൽ കക്ഷി ചേരാൻ ആഗ്രഹിക്കുന്നില്ല. സമസ്തയിലെ പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് ജമാഅത്ത് പ്രതീക്ഷിക്കുന്നത്.യു.ഡി.എഫിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി എന്ന എ.കെ ബാലൻ്റെ പ്രസ്താവനയെ ഗൗരവത്തിലെടുത്തിട്ടില്ലെന്നും പി.മുജീബ് റഹ്‌മാൻ പറഞ്ഞു.
Adjust Story Font
16