Quantcast

'സമസ്തയിലെ കമ്യൂണിസ്റ്റുകാർ'; പ്രചാരണത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് ഹമീദ് ഫൈസി അമ്പലക്കടവ്

മുസ്‌ലിം ലീഗിന്റെ നിലവിലെ അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ സമസ്തയുടെ അവിഭാജ്യ ഘടകമാണെന്നും ലേഖനത്തിൽ പറയുന്നു.

MediaOne Logo

Web Desk

  • Published:

    7 Jun 2024 9:09 AM GMT

Jamaat-e-Islami behind the campaign as communist fraction in samastha says Abdul Hameed Faizy Ambalakadavu
X

കോഴിക്കോട്: സമസ്തയിലെ കമ്യൂണിസ്റ്റുകാരെന്ന പ്രചാരണത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമിയെന്ന് എസ്.വൈ.എസ് സംസ്ഥാന വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. സമസ്ത മുഖപത്രമായ സുപ്രഭാതം പത്രത്തിലെഴുതിയ ലേഖനത്തിലാണ് ഹമീദ് ഫൈസിയുടെ ആരോപണം. അതേറ്റുപിടിക്കാൻ ജമാഅത്തെ ഇസ്‌ലാമിയിൽ മാത്രമേ ആളെ കിട്ടുകയുള്ളൂ. സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം കണ്ടും കേട്ടും അനുഭവിച്ചും ആസ്വദിച്ചും വളർന്നവരാണ് രണ്ടിന്റേയും അനുയായികളെന്നും എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടായാൽ അവർക്കിടയിൽ തന്നെ അത് തീർക്കപ്പെടുമെന്നും ലേഖനത്തിൽ പറയുന്നു.

'ജമാഅത്ത് ഒരു രാഷ്ട്രീയ സംഘടനയല്ല, ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്നു കൂടി വർത്തമാനകാലത്ത് വിശേഷിപ്പിക്കേണ്ടിവരുന്നു. സമസ്ത കേരളാ ജംഇയ്യത്തുൽ ഉലമ കറകളഞ്ഞ മതസംഘടനയാണ്. രാഷ്ട്രീയം അതിന്റെ അജണ്ടയേ അല്ല. എന്നാൽ വ്യത്യസ്ത രാഷ്ട്രീയക്കാരായ മുഴുവൻ സുന്നികളേയും ഉൾക്കൊള്ളുന്ന പ്ലാറ്റ്‌ഫോമാണത്. മലബാറാണ് സമസ്തയുടെ പ്രധാന കേന്ദ്രം. സമസ്ത അംഗങ്ങളിൽ ഭൂരിപക്ഷവും മുസ്‌ലിം ലീഗുകാരാണ്. ലീഗിലെ മഹാഭൂരിപക്ഷവും സുന്നികളും. ഇതാണ് സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധം'.

'ലീഗിന്റെ അമരക്കാരായിരുന്ന അബ്ദുർറഹ്‌മാൻ ബാഫഖി തങ്ങളും പാണക്കാട് പിഎംഎസ്എ പൂക്കോയ തങ്ങളും സമസ്തയുടെ സമുന്നത നേതാക്കളും സുന്നികൾ ആദരവോടെ നോക്കിക്കണ്ട മഹാത്മാക്കളുമായിരുന്നു എന്നതാണ് രണ്ടാമത്തെ ബന്ധം. ഹൈദരലി ശിഹാബ് തങ്ങൾ സമസ്ത ഉപാധ്യക്ഷനും സുപ്രഭാതം പത്രത്തിന്റെ മുഖ്യ രക്ഷാധികാരിയും കൂടിയായിരുന്നു. നിലവിലെ അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ അവിഭാജ്യ ഘടകമാണ്. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം അറുത്തുമാറ്റാനും മുസ്‌ലിം ലീഗിനെയും സമസ്തയേയും ദുർബലപ്പെടുത്താനും ജമാഅത്തെ ഇസ്‌ലാമി പതിറ്റാണ്ടുകളായി പാടുപെടുന്നുണ്ട്. വർഷങ്ങളായി ഇടതുപക്ഷത്തോടൊപ്പം നിന്ന് മുസ്‌ലിം ലീഗിനെയും സമസ്തയേയും ലക്ഷ്യമാക്കി ഒളിയമ്പുകൾ ഉതിർത്ത് തകർക്കാൻ നടത്തിയ ശ്രമം വിജയിക്കില്ലെന്ന് കണ്ടപ്പോൾ കളംമാറ്റി ചവിട്ടിയിരിക്കുകയാണവർ. യുഡിഎഫിന്റെ തന്നെയും തോളിലിരുന്ന് ചെവി തിന്നുകയാണ്'- ലേഖനത്തിൽ ആരോപിക്കുന്നു.

സമസ്തയെയും ലീഗിനേയും അകറ്റാനുള്ള ഹീന നീക്കങ്ങൾക്ക് കുറച്ചുകൂടി ശക്തി കൂട്ടിയിരിക്കുകയാണ് ഇയ്യിടെയായി ജമാഅത്തുകാരെന്നും ഹമീദ് ഫൈസി അമ്പലക്കടവ് ആരോപിക്കുന്നുണ്ട്. സമസ്തയെ ദുർബലമാക്കിയാൽ ലീഗിനെ അത് ബാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. സമസ്തയും ലീഗും ദുർബലമായാൽ ആ ഇടത്തിൽ ജമാഅത്ത്- ബ്രദർഹുഡ് രാഷ്ട്രീയത്തെ കുടിയിരുത്താമെന്ന വ്യാമോഹമാണ് അവർക്കുള്ളതെന്നാണ് ലേഖനത്തിൽ മറ്റൊരു ആരോപണം.

'മതപരിഷ്‌കരണ വാദികളോടുള്ള സമസ്തയുടെ അകലം സംഘടനയുടെ പ്രഖ്യാപിത നിലപാടാണ്. സമസ്തയിൽ കമ്യൂണിസ്റ്റ് രാശിഭാഗം (ഫ്രാക്ഷൻ) എന്നൊരു തലം ഒരിക്കലുമില്ല. എന്നാൽ സമസ്തയിൽ അങ്ങനെയൊന്ന് ഉണ്ടെന്ന് വരുത്തിത്തീർക്കുന്നത് ജമാഅത്തെ ഇസ്‌ലാമി മീഡിയകളാണ്. സമസ്തയിൽ പാണക്കാട് വിരുദ്ധരായ ഒരാൾ പോലും ഇല്ലെന്നു മാത്രമല്ല, സംഘടനയിലെ ലീഗേതര പാർട്ടിക്കാർപോലും പാണക്കാട് സയ്യിദന്മാരെ ആദരിക്കുന്നവരാണ്. ഈ പ്രചാരണത്തിന്റെയെല്ലാം പിന്നിൽ ജമാഅത്ത്- ഇഖ്‌വാൻ- സമന്വയ കൂട്ടുകെട്ടാണ്' എന്നും ലേഖനത്തിൽ ആരോപിക്കുന്നു.

TAGS :

Next Story