Quantcast

'തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ പിന്തുണച്ചിരുന്നു': ജമാഅത്തെ ഇസ്‌ലാമി കേരള അമീർ

സിപിഎമ്മും രാജ്യത്തിന്റെ മുഴുവൻ മതേതര പാർട്ടികളും ദേശീയ തലത്തിലെടുത്ത നിലപാടിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തുണച്ചത്

MediaOne Logo

Web Desk

  • Published:

    6 Oct 2024 8:39 AM GMT

തെരഞ്ഞെടുപ്പുകളിൽ സിപിഎമ്മിനെ പിന്തുണച്ചിരുന്നു: ജമാഅത്തെ ഇസ്‌ലാമി കേരള അമീർ
X

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും കെ.ടി ജലീലും അടക്കമുള്ള ഇടത് നേതാക്കാൾ ജമാഅത്തെ ഇസ്‌ലാമിക്കെതിരെ നിരന്തരം വിമർശനം ഉന്നയിക്കുന്നത് ലോക്‌സഭാ-നിയമസഭാ തെരഞ്ഞെടുപ്പുകളിലുള്‍പ്പെടെ പിന്തുണച്ച കാര്യം മറന്നുകൊണ്ട്.

സർക്കാറിനെതിരെ പി.വി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിലെ പ്രതികരണങ്ങളിലൊക്കെ ജമാഅത്തെ ഇസ്‌ലാമിയെയാണ് ഇടതുനേതാക്കൾ എടുത്തുപറയുന്നത്. ഇതിനെല്ലാം വാർത്താസമ്മേളനത്തിലൂടെ മറുപടി പറഞ്ഞ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബ് റഹ്മാനാണ് പഴയ തെരഞ്ഞെടുപ്പ് ബന്ധം ഇടത് നേതാക്കളെ ഓർമിപ്പിച്ചത്.

2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ജമാഅത്തെ ഇസ്‌ലാമി ഇടതുപക്ഷത്തിനൊപ്പമായിരുന്നു. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ തന്നെയാണ് പിന്തുണച്ചിരുന്നത്. ജമാഅത്തെ ഇസ്‌ലാമി വെറുതെ വോട്ട് പ്രഖ്യാപിച്ചതായിരുന്നില്ലെന്നും നേതാക്കളുമായി സംസാരിച്ച് കൊടുത്ത പിന്തുണയായിരുന്നുവെന്നും മുജീബ് റഹ്മാന്‍ വ്യക്തമാക്കിയിരുന്നു.

' അന്നത്തെ ദേശാഭിമാനിയുടെ ലേഖനങ്ങളും പത്രവാർത്തകളുമൊക്കെ അതിനെ സാക്ഷ്യപ്പെടുത്തി സംസാരിക്കും. അന്ന് സിപിഎമ്മിനെ പിന്തുണക്കാനുള്ള കാരണം സംഘ്പരിവാർ വിരുദ്ധ സമീപനങ്ങളുടെ മുൻഗണനയിലായിരുന്നു. 2019ൽ ദേശീയരാഷ്ട്രീയം മുന്നിൽവെച്ചാണ് മാറിയത്. ദേശീയ രാഷ്ട്രീയത്തിൽ സംഘ്പരിവാറിനെ നേരിടുന്നതില്‍ പ്രബല കക്ഷി കോൺഗ്രസാണ്. ഇത് ജമാഅത്തെ ഇസ്‌ലാമിയുടെ മാത്രം നരേറ്റീവ് അല്ലെന്നും സിപിഐഎം ദേശീയ തലത്തിലും ഇങ്ങനെയായിരുന്നുവെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കുന്നു.

സിപിഎമ്മും രാജ്യത്തിന്റെ മുഴുവൻ മതേതര പാർട്ടികളും ദേശീയതലത്തിലെടുത്ത നിലപാടിന്റെ ഭാഗമായാണ് ജമാഅത്തെ ഇസ്‌ലാമി ദേശീയ തലത്തിൽ കോൺഗ്രസിനെ പിന്തുണച്ചത്. അന്ന് മുതലാണ് ജമാഅത്തെ ഇസ്‌ലാമി സ്ലീപ്പിങ് പാർട്ണറായി എന്ന ആരോപണം വരുന്നതെന്നും മുജീബ് റഹ്‌മാൻ വ്യക്തമാക്കി.

തങ്ങളോട് യോജിക്കുന്ന ഘട്ടങ്ങളിലെല്ലാം മതേതര പാർട്ടിയും വിയോജിക്കുന്ന ആദ്യ നിമിഷം തൊട്ട് വർഗീയ പാർട്ടിയുമാക്കി മാറ്റുന്ന സമീപനമാണ് സിപിഎമ്മിന്റേതെന്നും മുജീബ് റഹ്‌മാൻ പറയുന്നു. ജമാഅത്തെ ഇസ്‌ലാമി ഒരു മുന്നണിയുടെയും സ്ലീപ്പിങ് പാർട്ണർ അല്ല. അതിന്റെ ആശയനിലപാടുകൾ മുൻനിർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ്. ജമാഅത്തെ ഇസ്‌ലാമി ഉയർത്തുന്ന രാഷ്ട്രീയ നിലപാട് വെച്ചുകൊണ്ടാണ് ഒരു ഘട്ടത്തിൽ സിപിഎമ്മിനെയും 2019ലുള്‍പ്പെടെ കോൺഗ്രസിനെയും പിന്തുണച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story