Quantcast

എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200ഉം കളമശ്ശേരിയിൽ 28ഉം പേർക്ക് രോ​ഗബാധ

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം വ്യാപിച്ചിരിക്കുന്നത്.

MediaOne Logo

Web Desk

  • Updated:

    2024-05-16 05:46:56.0

Published:

16 May 2024 4:59 AM GMT

jaundice cases increasing in Ernakulam district
X

കൊച്ചി: കേരളത്തെ ആശങ്കയിലാഴ്ത്തി എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്തം ബാധിതർ കൂടുന്നു. വേങ്ങൂരിന് പിന്നാലെ കളമശ്ശേരിയിൽ 28 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരിൽ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതർ.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയിലും മഞ്ഞപ്പിത്തം വ്യാപിച്ചിരിക്കുന്നത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ൽ 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വേങ്ങൂരിൽ രോഗം സ്ഥിരീകരിച്ച 200ൽ 48 പേർ നിലവിൽ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂൾഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയിൽ നിന്ന് പാനീയങ്ങൾ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വർധിക്കുകയും ചെയ്തു. ഇത്തരം കടകളിൽ നിന്നാണ് രോഗം പടർന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തിൽ ജ്യൂസ് കടകളിലേക്കുൾപ്പെടെ വരുന്ന ഐസ് ക്യൂബുകൾ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത് ഫലം കാണുന്നില്ലെന്ന് തെളിയിക്കുന്നതാണ് രോഗബാധിതരുടെ എണ്ണത്തിലെ വർധന. രോഗബാധയുടെ ഉത്തരവാദികൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ഉപവാസ സമരം നടത്താനൊരുങ്ങുകയാണ് കോൺഗ്രസ്.

അതേസമയം, മലപ്പുറത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞുവരുന്നുവെന്നതാണ് ആശ്വാസ വിവരം. രോഗവ്യാപനം പിടിച്ചുനിർത്താനായി എന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം. രോഗികളെ പൂർണമായും ഐസൊലേഷൻ ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തിരുന്നു. ഇനി വീടുകൾ കേന്ദ്രീകരിച്ചുള്ള ബോധവൽക്കരണവും നടത്തുന്നുണ്ട്. ഇതും ഫലം കണ്ടേക്കുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ച കൊണ്ട് പൂർണമായും മഞ്ഞപ്പിത്തബാധ പിടിച്ചുനിർത്താനാവുമെന്നാണ് പ്രതീക്ഷ.


TAGS :

Next Story