‘കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസ് അധികാരിയെ കാണാൻ വരുന്നത്’; കൂടിക്കാഴ്ച നിഷേധിക്കാതെ ജയകുമാർ
‘കൂടിക്കാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്ക് ബോധ്യപ്പെട്ടോളും’
തിരുവനന്തപുരം: എഡിജിപി എം.ആർ അജിത് കുമാറുമായുള്ള കൂടിക്കാഴ്ച നിഷേധിക്കാതെ ആർഎസ്എസ് നേതാവ് ജയകുമാർ. കേരളത്തിൽ ആദ്യമായിട്ടല്ല ഒരു എഡിജിപി ആർഎസ്എസിന്റെ അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവീസിലുള്ള ഐപിഎസുകാരും ഐഎഎസുകാരും ചീഫ് സെക്രട്ടറിമാരും ആർഎസ്എസ് നേതൃത്വവുമായി സംസാരിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകൾ നാടിൻറെ വളർച്ചയ്ക്കുള്ളതാണ്. പ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ ഇനിയും തുടരും. കൂടികാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്കു ബോധ്യപ്പെടുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞാൻ ഇഞ്ചിനീയറിംഗ് വിദ്യാഭ്യാസം (CET, TVM) കഴിഞ്ഞു പൊതുപ്രവർത്തനം രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ അർപ്പിച്ചിട്ടു മൂന്നര പതിറ്റാണ്ടു കഴിഞ്ഞു. നാഗപ്പുരും ഡൽഹിയിലും ആയിരുന്നു ഏറിയ പങ്കും ചിലവഴിച്ചത്. വിദ്യാഭ്യാസവും ശാസ്ത്രവും സാങ്കേതിക വിദ്യയും ആയിരുന്നു എന്റെ പ്രവർത്തന മേഖല. കഴിഞ്ഞ ആഴ്ചയിൽ മെട്രോമാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ സാറിന്റെ വീട്ടിലിരിക്കുമ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ഫോണിലൂടെ ചോദിച്ചു , DGP ഓഫീസിൽ നിന്നും തെളിവെടുപ്പിനായുള്ള നോട്ടീസ് കിട്ടിയോ എന്ന്. തെല്ലൊരു ആശ്ചര്യത്തോടും എന്നാൽ നിസ്സംഗതയോടും എനിക്കു ഇതിനെ കുറിച്ചറിയില്ല എന്നറിയിച്ചു. പിന്നെ ചാനലുകൾ കാണുമ്പോഴാണ് , ഡിജിപി ഓഫിസിൽ നിന്നും RSS നേതാവ് എ ജയകുമാറിന് നോട്ടീസ് അയച്ച കാര്യം അറിയുന്നത് .
രഷ്ട്രീയ സ്വയംസേവക സംഘത്തിലെ മുതിർന്ന അധികാരികളെ, പൊതു പ്രവർത്തകരും ഉദ്യോഗസ്ഥരും അനൗപചാരികമായി കാണുന്നതും, ആശയങ്ങൾ പങ്കിടുന്നതും , സംശയങ്ങൾ ദൂരീകരിക്കുന്നതും 1925ൽ RSS തുടങ്ങിയ കാലം മുതൽ ഉള്ള ഒരു സംവിധാനം ആണ്. സംഘത്തിന്റെ സാംസ്‌കാരിക ജൈത്ര യാത്രയിൽ , വന്നു കണ്ടവരുടെയും അങ്ങോട്ട് പോയി ആശയങ്ങൾ കൈമാറിയവരുടെയും ലിസ്റ്റ് എടുത്താൽ പ്രധാനമന്ത്രിമാർ, പ്രസിഡന്റുമാർ , സിവിൽ സർവീസ്സുകാർ തൊട്ടു സാധാരണ മനുഷ്യർ വരെ പതിനായിരക്കണക്കിന് ആൾക്കാർ വരും.
കേരളത്തിൽ ആദ്യമായിട്ടല്ല ഒരു ADGP RSSന്റെ അധികാരിയെ കാണാൻ വരുന്നത്. ഇന്ന് സർവിസിൽ തുടരുന്ന എത്രയോ IPSകാരും IASകാരും, എന്തിനേറെ ചീഫ് സെക്രെട്ടറിമാർ വരെ RSS നേതൃത്വവും ആയി സ്വകാര്യ സംഭാഷണങ്ങളിൽ പങ്കെടുത്തിട്ടുള്ളവരാണ്. ഇതിൽ നിരവധി പേർ RSS കാര്യാലയങ്ങൾ സന്ദർശിച്ചിട്ടുള്ളവരാണ്. ഇവരുമായുള്ള സ്വകാര്യ സംഭാഷണങ്ങളിൽ നാടിന്റെ ഉയർച്ചക്കും നാട്ടുകാരുടെ വളർച്ചക്കും വേണ്ടി RSS ന്റെ പങ്കു നിർവഹിക്കാനുള്ള ഭാവാത്മക ചർച്ചകളാണ് നടക്കുക.
എന്റെ പൊതുജീവിതത്തിൽ ഞാൻ ചെന്നു ക ണ്ടവരുടെയും, എന്നെ വന്നു കണ്ടവരുടെയും എന്നൊടൊപ്പം വന്ന് സംഘ അധികാരികളെ കണ്ട മറ്റു ഉദ്യോഗസ്ഥന്മാരുടെയും ലിസ്റ്റ് തെരഞ്ഞുപോയാൽ അതിൽ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും, മത വിഭാഗങ്ങളിലും പെടുന്ന നൂറുകണക്കിനു നേതാക്കൾ ഉണ്ടാകും. അതിനൊക്കെ എനിക്കു നോട്ടീസ് അയക്കാൻ തുടങ്ങിയാൽ ഇതിനായി ഒരു പുതിയ department സർക്കാർ ആരംഭിക്കേണ്ടി വരും.
RSS ഒരു ലക്ഷത്തോളം ശാഖകളുള്ള 40ഓളം മറ്റു സംഘടനകളിലൂടെ 20 കോടിയിലധികം അംഗങ്ങളുള്ള പ്രസ്ഥാനം ആണ്. അതുകൊണ്ട് തന്നെ ഭാവനാ സമ്പന്നരും ക്രിയാ ശേഷിയുള്ളവരും ആയ നിസ്വാർത്ഥരായ ഉദ്യോഗസ്ഥരും പൊതു പ്രവർത്തകരും എല്ലാ കാലത്തും ആർഎസ്സ്‌എസ്സുമായി സംവദിച്ചിരുന്നു. അത് തുടരുകയും ചെയ്യും.
NB: 1) സമ്പർക്ക് പ്രമുഖ് എന്ന നിലയിൽ, ഇനിയും പ്രമുഖരുമായുള്ള കൂടികാഴ്ചകൾ തുടരും
2) നോട്ടീസ് കിട്ടിയാലും ഇല്ലെങ്കിലും, കൂടികാഴ്ചകളിലെ അന്തസ്സാരം വഴിയേ ജനങ്ങൾക്കു ബോധ്യപ്പെട്ടോളും.
Adjust Story Font
16