മുസ്‍ലിം സ്ത്രീകളെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച സമസ്ത പ്രസിഡന്‍റ് മാപ്പുപറയണം-എം.ജി.എം
'മുസ്‍ലിം സ്ത്രീകളെ പൊതു ഇടങ്ങളില്‍ അവരുടെ ബാധ്യത നിര്‍വഹിക്കുന്നതിനുപോലും വിലക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തെ നിലക്കുനിര്‍ത്താന്‍ മതനേതൃത്വങ്ങള്‍ തയ്യാറാവണം'
കോഴിക്കോട്: വിശുദ്ധ ഖുര്‍ആനിന്‍റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തില്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന മുസ്‍ലിം സ്ത്രീകളെ വളരെ അപഹാസ്യമായ രീതിയില്‍ ചിത്രീകരിച്ച സമസ്ത പ്രസിഡന്‍റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് കെ.എന്‍.എം മര്‍കസുദ്ദഅ്‍വ വനിതാ വിഭാഗം എം.ജി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. അഴുകി ദുര്‍ഗന്ധം വമിച്ച് മറ്റുള്ളവര്‍ മൂക്കുപൊത്താന്‍ ഇടം നല്‍കും തരത്തില്‍ വേണം മുസ്‍ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പോകാനെന്ന സമസ്ത പ്രസിഡന്‍റിന്‍റെ പ്രസ്താവന വിശുദ്ധ ഖുര്‍ആനിനും പ്രവാചകചര്യക്കും നേരെയുള്ള വെല്ലുവിളിയാണെന്ന് സെക്രട്ടറിയേറ്റ് ചൂണ്ടിക്കാട്ടി.
പ്രവാചക ഭാര്യമാരടക്കമുള്ള സ്വഹാബാ വനിതകള്‍ പള്ളികളില്‍ പ്രവാചകന്‍റെ കൂടെ നമസ്കാരത്തിൽ പങ്കെടുക്കുന്നതിനും ജുമുഅകളിലും റമദാനിലെ ഇഅ്തികാഫുകളിലും പങ്കെടുത്തതിനും ഒട്ടേറെ തെളിവുകളുണ്ടെന്നിരിക്കെ പള്ളികളില്‍ പോകുന്ന മുസ്‍ലിം സ്ത്രീകളെ അപമാനിച്ചുകൊണ്ടുള്ള ജിഫ്രി തങ്ങളുടെ പ്രസ്താവന കടുത്ത അപരാധമാണ്. പ്രവാചകന്‍റെ കൂടെ സ്വാഹാബാ വനിതകള്‍ യുദ്ധങ്ങളില്‍ പോലും സഹായികളായി പങ്കെടുത്തിട്ടുണ്ടെന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ച് മുസ്‍ലിം സ്ത്രീകളെ പൊതു ഇടങ്ങളില്‍ അവരുടെ ബാധ്യത നിര്‍വഹിക്കുന്നതിനുപോലും വിലക്കാന്‍ ശ്രമിക്കുന്ന യാഥാസ്ഥിതിക പൗരോഹിത്യത്തെ നിലക്കുനിര്‍ത്താന്‍ മതനേതൃത്വങ്ങള്‍ തയ്യാറാവണം. മുസ്‍ലിം സ്ത്രീകളെ ഇരുട്ടില്‍ തളച്ചിട്ട് ഇനിയും ചൂഷണം ചെയ്യാന്‍ പൗരോഹിത്യത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറില്ലെന്ന് എം.ജി.എം വ്യക്തമാക്കി.
ജനറല്‍ സെക്രട്ടറി ആയിശ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് സല്‍മ അന്‍വാരിയ്യ അദ്ധ്യക്ഷത വഹിച്ചു. റുക്സാന വാഴക്കാട്, മറിയക്കുട്ടി സുല്ലമിയ്യ, ജുവൈരിയ് അന്‍വാരിയ്യ, സൈനബ ഷറഫിയ്യ, പാത്തൈകുട്ടി ടീച്ചര്‍, ഖദീജ കൊച്ചി, റാഫിദ പി.ഐ, സജ്ന പട്ടേല്‍ത്താഴം, ഹസ്നത്ത് പി.വി, അഫീഫ പൂനൂര്‍, ഫാത്വിമ ചാലിക്കര, ആയിഷ ഹഫീസ്, മറിയം അന്‍വാരിയ്യ, സനിയ അന്‍വാരിയ്യ, സഫൂറ തിരുവണ്ണൂര്‍, നജീബ എം.ടി. റസിയാബി ടീച്ചര്‍, ഡോ. ജുവൈരിയ്യ, സഫല നസീര്‍ എന്നിവര്‍ പ്രസംഗിച്ചു.
Adjust Story Font
16