അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ല, എല്ലാ മതവിശ്വാസങ്ങളും മാനിക്കപ്പെടണം; ഉദയനിധിക്കെതിരെ ഗണേഷ് കുമാർ
സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച ഉദയനിധി സ്റ്റാലിനെതിരെയാണ് കെ.ബി ഗണേഷ് കുമാർ എം.എൽ.എ പ്രതികരിച്ചത്.
കെ.ബി ഗണേഷ് കുമാർ
കൊല്ലം: സനാതനധര്‍മത്തെ രൂക്ഷമായി വിമര്‍ശിച്ച നടനും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെതിരെ കെ.ബി ഗണേഷ് കുമാർ എം.എൽ.എ. ഉദയനിധി സ്റ്റാലിൻ പറഞ്ഞത് വിഡ്ഢിത്തരം. അപ്പോൾ കാണുന്നവനെ അച്ഛനെന്ന് വിളിക്കുന്നത് ആർക്കും നല്ലതല്ലെന്നും എല്ലാ മതവിശ്വാസങ്ങളും ആചാരങ്ങളും മാനിക്കപ്പെടണമെന്നും ഗണേഷ് കുമാർ പറഞ്ഞു. പത്തനാപുരത്തെ അമ്പലത്തിൽ നടന്ന പരിപാടിയിലാണ് ഗണേഷ് കുമാർ എം.എൽ.എയുടെ പരാമർശം.
അദ്ദേഹത്തിന് അഭിനയിക്കാൻ അറിയും. പക്ഷെ രാഷ്ട്രീയ പ്രവർത്തനം അറിയില്ല. അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ് ഉദയനിധി. അല്ലാതെ രാഷ്ട്രീയത്തിന്റെ അടിത്തട്ട് കിളച്ച് വന്നയാളല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. എല്ലാ മതവിശ്വാസങ്ങളെയും മാനിക്കപ്പെടണം. അതുപോലെ തന്നെ എല്ലാവരുടെ മതവിശ്വാസങ്ങളെയും പിന്തുണയ്ക്കുകയും മറ്റു മതത്തെ തളളിക്കളയാനും പാടില്ലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്. ഇതിനെതിരെ ബിഹാറിലും ഡൽഹിയിലും ഉദയനിധിക്കെതിരെ കേസെടുത്തിരുന്നു. അതേ സമയം, തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
Adjust Story Font
16