മുതലാളിമാർക്ക് ചീറിപ്പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവേക്കുറ്റി കുത്തിയിറക്കുന്നു: കെ കെ രമ
'പദ്ധതിയെ കുറിച്ച് പൗരന്മാർക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നത്'
സിൽവർലൈൻ പദ്ധതി കമ്മീഷൻ അടിച്ചുമാറ്റാനുള്ള ചതിപ്പാതയാണെന്ന് കെ കെ രമ എം.എൽ.എ. മുതലാളിമാർക്ക് ചീറിപ്പായാൻ ദരിദ്ര ജനങ്ങളുടെ ഹൃദയത്തിലേക്ക് സർവേക്കുറ്റി കുത്തിയിറക്കുകയാണെന്നും രമ ആരോപിച്ചു. സിൽവർ ലൈൻ പദ്ധതിക്കെതിരായ തൃശൂർ ജില്ലാ സമര സമിതി രൂപീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ കെ രമ.
സമരങ്ങളിലൂടെ വളർന്നുവന്ന പാർട്ടി ഭരിക്കുന്ന സർക്കാർ ഇപ്പോൾ സമരം ചെയ്യുന്നവരെ പരിഹസിക്കുകയാണെന്ന് കെ കെ രമ പറഞ്ഞു. പദ്ധതിയെ കുറിച്ച് പൗരന്മാർക്ക് പകരം പൗര പ്രമുഖരോട് മാത്രമാണ് മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്നത്. നഷ്ടപരിഹാരം കൊണ്ട് പദ്ധതിക്കെതിരെയുള്ള സമരത്തെ അടിച്ചമർത്താൻ നോക്കേണ്ടെന്നും കെ കെ രമ പറഞ്ഞു.
ആർഎംപി, ആം ആദ്മി പാർട്ടി അടക്കമുള്ള പാർട്ടികളുടെ നേതൃത്വത്തിൽ ജില്ല സമര സമിതി രൂപീകരിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സമര പരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനകളുടെ തീരുമാനം.
നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്ന് കെ സുധാകരന്‍
കെ റെയിലിന് എതിരെയുള്ള നിയമ പോരാട്ടങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകുമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. ബി.ജെ.പിയുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗമായാണ് റയിൽവെയുടെ വക്കീൽ കോടതിയിൽ വിജ്ഞാപനത്തെ അനുകൂലിച്ചത്. മുഖ്യമന്ത്രി കമ്മിഷൻ വാങ്ങുന്നതിൽ ഡോക്ടറേറ്റ് നേടിയ ആളാണെന്നും സുധാകരൻ പരിഹസിച്ചു.
കെ റെയിലിന് എതിരായ സമരത്തിൽ നിന്നും കോൺഗ്രസ് ഒരടി പോലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ സുധാകരൻ, എന്ത് രേഖകൾ വെച്ചാണ് മുഖ്യമന്ത്രി കെ റെയിൽ നല്ലതാണെന്ന് പറയുന്നത് എന്ന് ചോദിച്ചു. കെ റെയിലിന്റെ പ്രത്യാഘാതം ജനങ്ങളെ ബോധ്യപ്പെടുത്താൻ വീടുകൾ കയറി പ്രചാരണം നടത്താൻ ആണ് കോൺഗ്രസ് തീരുമാനം. എം വി ജയരാജന് മറുപടി പറഞ്ഞു തരംതാഴാൻ താൻ ഇല്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. അതേസമയം കെ റെയിലിന് എതിരായ സമരം വിജയിപ്പിക്കാൻ യുഡിഎഫിന് ആകില്ലെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ പറഞ്ഞു.
Adjust Story Font
16