'യുഡിഎഫ് പരാജയങ്ങളിൽ നിന്ന് വിജയത്തിലേക്കുള്ള യാത്ര തുടങ്ങി': കെ മുരളീധരൻ
ജോ ജോസഫിനെതിരെയുള്ള വ്യാജ അശ്ലീല വീഡിയോക്ക് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണം
തൃക്കാക്കര : യുഡിഎഫ് പരാജയങ്ങളിൽ നിന്ന് വിജയത്തിലേക്കുള്ള യാത്ര തുടങ്ങിയതായി കെ മുരളീധരൻ എം.പി. ജാതിമതങ്ങൾക്ക് അതീതമായി യുഡിഎഫിന് വോട്ട് ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നഷ്ടമായ വോട്ടുകൾ യുഡിഎഫിന് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തെ നശിപ്പിക്കാൻ വേണ്ടി എന്തും വിളിച്ചു പറയുന്ന രീതിയായിരുന്നു മുഖ്യമന്ത്രിയുടേത്. ഇടതുമുന്നണി കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പണയം വച്ചു. സ്ഥാനാർഥി നിർണയത്തിൽ അടക്കം ഇടതുമുന്നണിയിൽ ഉള്ളവർക്ക് അതൃപ്തിയുണ്ടായിരുന്നു.
ജോ ജോസഫിനെതിരെയുള്ള വ്യാജ അശ്ലീല വീഡിയോക്ക് പിന്നിൽ ആരാണെന്ന് കണ്ടുപിടിക്കണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. കോൺഗ്രസ് പ്രവർത്തകരാണ് പിന്നിലെങ്കിലും കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തിഹത്യ കോൺഗ്രസ് രീതിയല്ലെന്നും കെ. മുരളീധരൻ പറഞ്ഞു. കെ റെയിൽ ഉപേക്ഷിച്ച് ശരിയായ വികസനം നടപ്പാക്കണം. എൽഡിഎഫ് യോഗത്തിൽ സംസാരിക്കുന്നത് പോലെയാണ് മന്ത്രിമാർ പൊതുപരിപാടികളിൽ സംസാരിക്കുന്നത്. ബിജെപി കേരള രാഷ്ട്രീയത്തിൽ ഒരു ശക്തിയല്ല എന്ന് വ്യക്തമാകുന്ന തെരഞ്ഞെടുപ്പ് ഫലമാണ് തൃക്കാക്കരയിലേത്. ഭൂരിപക്ഷം ബിജെപിയെയും ന്യൂനപക്ഷം എൽഡിഎഫിനെയും കൈയൊഴിഞ്ഞതായും കെ മുരളീധരൻ പറഞ്ഞു.
അതേസമയം, ഉജ്ജ്വല വിജയം നേടുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ചരിത്രവിജയമാണ് തൃക്കാക്കര നൽകിയതെന്ന് ഉമാ തോമസ്. വിജയം പി.ടി തോമസിന് സമർപ്പിക്കുന്നുവെന്നും അവർ പറഞ്ഞു. ഇത് തൃക്കാക്കരയിലെ മാത്രം വിജയമല്ല, പിണറായി വിജയന്റെ ദുർഭരണത്തിനുള്ള കനത്ത തിരിച്ചടിയാണ്. വിജയത്തിനായി പരിശ്രമിച്ച എ.കെ ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയ മുതിർന്ന നേതാക്കൾ മുതൽ അഞ്ച് രൂപ മെമ്പർഷിപ്പുള്ള സാധാരണ പ്രവർത്തകനോട് വരെ നന്ദിയുണ്ടെന്നും അവർ പറഞ്ഞു.
യുഡിഎഫ് കോട്ടയാണെങ്കിലും ശക്തമായ പ്രവർത്തനത്തിലൂടെ മുന്നേറ്റമുണ്ടാക്കാമെന്ന ഇടതുപക്ഷത്തിന്റെ എല്ലാ കണക്കുകൂട്ടലുകളും അസ്ഥാനത്താക്കിയാണ് തൃക്കാക്കരയിൽ ഉമാ തോമസ് ചരിത്ര വിജയം നേടിയത്. 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമാ തോമസ് ജയിച്ചു കയറിയത്. പരമാവധി 8000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നായിരുന്നു യുഡിഎഫ് ജില്ലാ കൺവീനർ ഡൊമനിക് പ്രസന്റേഷൻ പറഞ്ഞിരുന്നത്. എന്നാൽ യുഡിഎഫ് പോലും വിചാരിക്കാത്ത ഭൂരിപക്ഷമാണ് ഉമാ തോമസിന് തൃക്കാക്കരയിൽ ലഭിച്ചത്.
ആദ്യ ഫലസൂചനകൾ പുറത്തുവന്ന 8.15 മുതൽ ഉമാ തോമസ് ലീഡ് നിലനിർത്തി. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും ജോ ജോസഫിന് ലീഡ് നേടാനായില്ല. മുഖ്യമന്ത്രി പിണറായി വിജയനടക്കം നേരിട്ട് രംഗത്തിറങ്ങി പ്രചാരണം നടത്തിയിട്ടും യുഡിഎഫ് ചരിത്ര ഭൂരിപക്ഷം നേടിയത് ഇടതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് സൃഷ്ടിച്ചത്.
Adjust Story Font
16