'രാജ്യദ്രോഹി എന്ന പദം ആദ്യം ഉപയോഗിച്ചത് മന്ത്രി, ആദ്യം നടപടി ഉണ്ടാകേണ്ടതും മന്ത്രിക്കെതിരെ'; കെ.മുരളീധരൻ
'വിഴിഞ്ഞത്തെ അക്രമത്തിന് കാരണം സർക്കാറിന്റെ പിടിപ്പുകേട്'
തിരുവനന്തപുരം: മന്ത്രി വി . അബ്ദുറഹ്മാൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കെ.മുരളീധരൻ എം.പി. ആദ്യം രാജ്യദ്രോഹി എന്ന പദം ഉപയോഗിച്ചത് മന്ത്രിയാണ്. അതുകൊണ്ട് ആദ്യം നടപടി ഉണ്ടാകേണ്ടതും മന്ത്രിക്കെതിരെയാണെന്നും അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികൾ എന്ന് വിളിക്കാൻ ആരാണ് വി.അബ്ദുറഹ്മാന് ആരാണ് അനുമതി കൊടുത്തതെന്നും മുരളീധരൻ ചോദിച്ചു .
അതേസമയം, മന്ത്രിയെ തീവ്രവാദി എന്ന് വിളിച്ചതിനോട് യോജിപ്പില്ലെന്നും കെ മുരളീധരൻ പറഞ്ഞു.'വിഴിഞ്ഞത്തെ അക്രമത്തിന് കാരണം സർക്കാറിന്റെ പിടിപ്പുകേടാണ്. തുറമുഖത്തിന്റെ കാര്യത്തിൽ സർക്കാർ മലക്കം മറിയുന്നു. യുഡിഎഫ് കാലത്ത് മത്സ്യത്തൊഴിലാളികളെ പിന്തുണച്ചവരാണ് ഇന്ന് അവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത്. വിഴിഞ്ഞം തുറമുഖം നേരിട്ട് കാണാത്ത ആളാണ് വകുപ്പുമന്ത്രി. ഇവിടെ ജാതിയുടെ മതത്തിന്റെയും പേരിൽ സംഘർഷം ഉണ്ടാകരുത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുന്നത് അംഗീകരിക്കാൻ സാധിക്കില്ല'. കടപ്പുറത്തെ പ്രശ്‌നങ്ങൾ കൈവിട്ടു പോകുമെന്ന് അറിയാത്ത ആളാണോ മുഖ്യമന്ത്രിയെന്നും മുരളീധരൻ ചോദിച്ചു.
'സമരത്തിൽ ആരെങ്കിലും നുഴഞ്ഞുകയറിയിട്ടുണ്ടെങ്കിൽ അവരെ വെളിച്ചത്തു കൊണ്ടുവരേണ്ടത് സർക്കാറാണ്.വിഴിഞ്ഞ തുറമുഖത്തിന്റെ പേരിൽ സംഘപരിവാറിനെ അഴിഞ്ഞാടാൻ അനുവദിക്കുന്നു. അതിന്റെ ഭാഗമായാണ് ഇന്നലെ നിരോധിത മേഖലയിൽ ഹിന്ദു ഐക്യവേദി പ്രകടനം നടത്തിയത്. പൊലീസിനെ മുഖ്യമന്ത്രി ന്യായീകരിക്കുന്നത് വെള്ളായണി പരമുവിനെ ഇത്തിക്കരപ്പക്കി അഭിനന്ദിക്കുന്നതുപോലെയാണ്. അദാനിയുടെ ലക്ഷ്യം ഓരോ സ്ഥലത്തും കോൺഗ്രസിനെ തകർക്കുക എന്നതാണ്'. മത്സ്യതൊഴിലാളിയുടെ ചട്ടിയിൽ കൈയിട്ട് വേണമോ അദാനിയുടെ നഷ്ടം നികത്താനെന്നും മുരളീധരൻ ചോദിച്ചു.
Adjust Story Font
16