Quantcast

കരുവന്നൂർ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് ഇഡിയോട് കെ. രാധാകൃഷ്ണൻ; ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഉണ്ടെന്ന മൊഴിയിൽ ഒപ്പിട്ടില്ലെന്നും എം.പി

'ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു'- കെ.രാധാകൃഷ്ണൻ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 April 2025 11:47 AM IST

K. Radhakrishnan tells ED that he is unaware of the party systems at Karuvannur Bank
X

തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ ബാങ്കിലെ പാർട്ടി സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് ഇഡിയോട് കെ. രാധാകൃഷ്ണൻ എംപി. ഡയറക്ടർ ബോർഡിനപ്പുറം പാർട്ടിയുടെ മറ്റ് സംവിധാനങ്ങളെ കുറിച്ച് അറിയില്ലെന്ന് എംപി ഇഡിക്ക് മൊഴി നൽകി. കരുവന്നൂർ ബാങ്കിൽ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക് അക്കൗണ്ട് ഇല്ലെന്നത് ഇ.ഡിക്ക് ബോധ്യപ്പെട്ടെന്നും കെ.രാധാകൃഷ്ണൻ പ്രതികരിച്ചു.

അക്കൗണ്ട് ഉണ്ടെന്ന മൊഴിയിൽ ഒപ്പിടില്ലെന്ന് ഇ.ഡിയോട് താൻ പറഞ്ഞു. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയെന്നും സ്വത്ത് സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടായിട്ടില്ലെന്നും കെ.രാധാകൃഷ്ണൻ പറഞ്ഞു. ആരോപണമുന്നയിച്ച മുൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.കെ ചന്ദ്രൻ അസുഖബാധിതനായിരുന്നതിനാൽ കാര്യമായ ചുമതലകൾ നൽകിയിരുന്നില്ലെന്നും മൊഴി.

സിപിഎം ജില്ലാ കമ്മിറ്റി കരുവന്നൂരിൽ ഇടപ്പെട്ടതിനെ കുറിച്ചും ‌‌കരുവന്നൂർ ബാങ്കിൽ ജില്ലാ കമ്മിറ്റി അക്കൗണ്ട് തുടങ്ങിയത് എന്തിനെന്നും ഇഡി ചോദിച്ചു. അക്കൗണ്ടില്ലെന്ന് താൻ പറഞ്ഞു. ആവർത്തിച്ച് ചോദിച്ചപ്പോൾ ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ പറഞ്ഞു. ഡിസിയുടെ പേരിൽ കരുവന്നൂരിൽ അക്കൗണ്ടില്ലെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെട്ടു. അക്കൗണ്ടില്ലെന്ന് അവർ വെളിപ്പെടുത്തി.

സ്വത്തു വിവരങ്ങൾ, അക്കൗണ്ട് വിശദാംശങ്ങൾ നേരത്തെ കൈമാറിയിരുന്നു. സ്വത്തുക്കൾ സംബന്ധിച്ച് ചോദ്യങ്ങൾ ഉണ്ടായില്ല. ‌പാർട്ടി തീരുമാനങ്ങൾ ഇഡിയോട് വിശദീകരിച്ചു. ഇഡി ചോദ്യം ചെയ്തത് ഒരു മണിക്കൂർ മാത്രമെന്നും കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. ബാക്കി സമയം ഓഫീസിൽ ഇരുന്നതായും അദ്ദേഹം വിശദമാക്കി. ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തിയ ഇഡി എംപിയെ എട്ടു മണിക്കൂർ ഓഫീസിൽ ഇരുത്തിയിരുന്നു.

ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് ബാങ്കിൽ നടന്ന തട്ടിപ്പിനെ കുറിച്ചാണ് എംപിയോട് ഇഡി ചോദിച്ചത്. അതേസമയം, രാധാകൃഷ്ണനെ വീണ്ടും വിളിച്ചു വരുത്തേണ്ട സാഹചര്യമില്ലെന്നാണ് ഇ.ഡി തീരുമാനം. കള്ളപ്പണ ഇടപാട് കേസിൽ ഇഡി അന്തിമ കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും.

TAGS :

Next Story