ജാതി ഇല്ലാതാക്കുന്നതിന്റെ ആദ്യ പടിയായി എൻ.എസ്.എസ് പിരിച്ചുവിടാൻ സുകുമാരൻ നായർ തയ്യാറാവുമോയെന്ന് കെ. സോമപ്രസാദ്
അർഹതയുള്ളത് മാത്രമേ കൈവശമുള്ളൂ എങ്കിൽ ജാതി സെൻസസിനെ എന്തിനാണ് സവർണ സംഘടനകൾ ഭയപ്പെടുകയും എതിർക്കുകയും ചെയ്യുന്നതെന്നും സോമപ്രസാദ് ചോദിച്ചു.
കോഴിക്കോട്: സംവരണമല്ല ജാതി വ്യവസ്ഥയാണ് രാജ്യത്തിന്റെ അഖണ്ഡതക്ക് വെല്ലുവിളിയെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ. കെ. സോമപ്രസാദ്. ജാതിവ്യവസ്ഥയാണ് എക്കാലത്തും ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും വെല്ലുവിളി ഉയർത്തി മനുഷ്യരെ പല കള്ളികളിലാക്കി നിർത്തുന്നത്. ജാതി വ്യവസ്ഥ നിലനിൽക്കുന്നതുകൊണ്ടാണ് ജാതിസംവരണം വേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജാതിസംവരണത്തിന് അന്ത്യം കുറിക്കുന്നതിനായി കീഴ്‌മേൽ ശ്രേണി ബന്ധമായി പ്രവർത്തിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കാനായി പ്രവർത്തിക്കാനും അതിന്റെ ആദ്യപടിയായി ജാതി സംഘടനയായ എൻ.എസ്.എസ് പിരിച്ചുവിടാനും സുകുമാരൻ നായർ തയ്യാറാവുമോ എന്ന് സോമപ്രസാദ് ചോദിച്ചു. തനിക്ക് ഹിന്ദുവാകേണ്ട നായരായാൽ മതിയെന്ന് തീരുമാനിച്ച് സമുദായപ്രവർത്തനത്തിന് ഇറങ്ങിയ ആളാണ് ജി. സുകുമാരൻ നായർ. ജാതി വിവേചനം അരക്കിട്ടുറപ്പിക്കുന്ന പണിയാണ് ജാതി സംഘടനകൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതെന്നും സോമപ്രസാദ് പറഞ്ഞു.
ജാതി നിലനിൽക്കുമ്പോൾ ജാതി വിവേചനവും അതിനെ ആസ്പദമാക്കിയുള്ള ജാതി സംവരണവും നിലനിൽക്കും. സ്വാതന്ത്ര്യം കിട്ടി 76 വർഷങ്ങൾ പിന്നിടുമ്പോഴും ജാതിസംവരണം തുടരേണ്ടി വരുന്നത് അധികാരവും സമ്പത്തും കൈവശംവച്ച് അനുഭവിച്ചു വരുന്ന സവർണ സമ്പന്ന വിഭാഗം ദലിത്-ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്കർഹതപ്പെട്ട വിഹിതം അവർക്കു വിട്ടു നൽകാത്തതുകൊണ്ടുകൂടിയാണ്. അർഹതയുള്ളത് മാത്രമേ കൈവശമുള്ളൂ എങ്കിൽ സാമൂഹിക, സാമ്പത്തിക, ജാതി സെൻസസിനെ എന്തിനാണ് സവർണ സംഘടനകൾ ഭയപ്പെടുകയും എതിർക്കുകയും ചെയ്യുന്നത്?
ജാതി സംവരണം നിലനിൽക്കുന്നത് വിദ്യാഭ്യാസ- തൊഴിൽ മേഖലകളിൽ യോഗ്യതയിൽ വെള്ളം ചേർക്കുമെന്ന് വിലപിക്കുമ്പോൾ എൻ.എസ്.എസിന്റെ ഉടമസ്ഥതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക-അനധ്യാപക നിയമങ്ങളിലും മാനേജ്‌മെൻറ് സീറ്റിലെ വിദ്യാർഥി പ്രവേശനത്തിലും അപേക്ഷകരുടെ യോഗ്യത മാത്രം മാനദണ്ഡമാക്കി നടത്താൻ എൻ.എസ്.എസ് തയ്യാറാവുമോ? സംവരണ ആനുകൂല്യമുള്ളവർക്കും നിശ്ചിത ജോലിക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള നിശ്ചിത യോഗ്യത വേണമെന്നും അതിൽ യാതൊരു ഇളവുമില്ലെന്നും സുകുമാരൻനായർ ഓർക്കണം. മാത്രമല്ല, സാമ്പത്തിക സംവരണം നടപ്പാക്കിയതോടെ സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകാത്ത ഒരു ജനവിഭാഗവും ഇന്ന് ഇന്ത്യയിലില്ലെന്നും സോമപ്രസാദ് പറഞ്ഞു.
Adjust Story Font
16