Quantcast

'പ്രളയത്തില്‍ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ വാവിട്ടു കരഞ്ഞയാള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദികളാക്കുന്നു': സജി ചെറിയാനെതിരെ കെ സുധാകരന്‍

'കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും'

MediaOne Logo

Web Desk

  • Updated:

    2022-03-22 07:52:51.0

Published:

22 March 2022 7:50 AM GMT

പ്രളയത്തില്‍ കാര്‍ നഷ്ടപ്പെട്ടപ്പോള്‍ വാവിട്ടു കരഞ്ഞയാള്‍ കിടപ്പാടം നഷ്ടപ്പെടുന്നവരെ തീവ്രവാദികളാക്കുന്നു: സജി ചെറിയാനെതിരെ കെ സുധാകരന്‍
X

ചെങ്ങന്നൂരിലെ കെ-റെയില്‍ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയെന്ന മന്ത്രി സജി ചെറിയാന്‍റെ ആരോപണത്തിന് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്‍റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാനെന്ന് കെ സുധാകരന്‍ പരിഹസിച്ചു. തന്‍റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നതെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി.

കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത്‌ നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്‍മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിതെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ സുധാകരന്‍റെ കുറിപ്പ്

ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്‍റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എംഎൽഎ.

തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!

സജി ചെറിയാനേ,

താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.

കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത്‌ നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.

ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസ്സാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കണ്‍മുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിത്.

മറക്കണ്ട.

സജി ചെറിയാന്‍ പറഞ്ഞത്...

"പദ്ധതിയുടെ ഭാ​ഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിന്‍റെ ഭാവിക്കു വേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടത്"


ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ...

Posted by K Sudhakaran on Monday, March 21, 2022


TAGS :

Next Story