നേരിട്ടുകാണണമെന്നും സംസാരിക്കണമെന്നും ആഗ്രഹം പറഞ്ഞിരുന്നു; സാധിച്ചില്ല-കെ. സുധാകരൻ
''പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു. വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു.''
കണ്ണൂർ: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തിൽ അനുശോചിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. കരുത്തനായൊരു നേതാവിനെയാണു നഷ്ടപ്പെട്ടത്. നേരിട്ടു കാണണമെന്നു തന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും അതിനു സാധിച്ചില്ലെന്നും സുധാകരൻ പറഞ്ഞു.
കാനം രാജേന്ദ്രന്റെ വിയോഗം വളരെ ദുഃഖകരമാണ്. അനാരോഗ്യമുണ്ടെന്ന് അറിയാം. പക്ഷെ, ഇതുപോലൊരു സാഹചര്യത്തിൽ അത് എത്തിച്ചേരുമെന്നു ഒരിക്കലും കരുതിയില്ല. പ്രമേഹസംബന്ധമായ അസുഖവിവരങ്ങൾ പത്രത്തിൽ വായിച്ചിരുന്നു. എന്നാൽ, ഇങ്ങനെയൊരു ദുരന്തം സംഭവിക്കുമെന്ന് ഞങ്ങളാരും പ്രതീക്ഷിച്ചില്ല-കെ. സുധാകരൻ പറഞ്ഞു.
രാഷ്ട്രീയരംഗത്ത് വ്യക്തിത്വം നിലനിർത്തി മുന്നോട്ടുപോയ നേതാവാണ് കാനം. അഭിപ്രായം ആരുടെ മുൻപിലും തുറന്നുപറയാൻ സാധിക്കുന്ന കരുത്തുള്ള നേതാവായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കും സി.പി.ഐയ്ക്കും കരുത്തനായ നേതാവിനെയാണ് നഷ്ടമായത്. പരമാവധി ആളുകളുമായി സൗഹൃദം പുലർത്താൻ എന്നും ശ്രമിച്ചിരുന്ന വലിയ മനസിന്റെ ഉടമസ്ഥനായിരുന്നു.
വ്യക്തിപരമായി കാനവുമായി വളരെ നല്ല ബന്ധമായിരുന്നു. അഭേദ്യമായ ബന്ധമായിരുന്നു. നേരിട്ടു കാണണമെന്ന് എന്നോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. നേരിട്ടുകാണണം, സംസാരിക്കണമെന്നെല്ലാം ഒന്നു രണ്ടു മാസമായി എന്നോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അതു പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അനുശോചനസന്ദേശത്തിൽ സുധാകരൻ വെളിപ്പെടുത്തി.
Summary: KPCC president K Sudhakaran condoles the demise of CPI state secretary Kanam Rajendran
Adjust Story Font
16