'ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയത്'; വർധിപ്പിച്ച നികുതി അടക്കരുതെന്ന് കെ. സുധാകരൻ
നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെ. സുധാകരന്റെ ഉറപ്പ്
തിരുവനന്തപുരം: നികുതി വർധനയിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. ഒരു രൂപ പോലും കുറയ്ക്കാത്ത ഉളുപ്പില്ലായ്മയാണ് മുഖ്യമന്ത്രി കാട്ടിയതെന്ന് സുധാകരൻ തുറന്നടിച്ചു. വർധിപ്പിച്ച നികുതി ഒരാൾപോലും അടക്കരുതെന്നും അദ്ദേഹം ആഹ്വനം ചെയ്തു.
നികുതി വർധന നടപ്പാക്കാൻ സർക്കാറിന് പിടിവാശിയാണ്. മുഖ്യമന്ത്രിയുടെ പിടിവാശിക്ക് മുൻപിൽ സംസ്ഥാനത്തെ തളച്ചിട്ടെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി. വർധിപ്പിച്ച നികുതി ആരും അടക്കരുതെന്ന് ആഹ്വാനം ചെയ്ത സുധാകരൻ, നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും ഉറപ്പു നൽകി. അതേസമയം സംസ്ഥാനത്തിന്റെ സാമ്പത്തിക സാഹചര്യം അപകടകരമാണെന്നും നികുതി കുടിശിക പിരിക്കാൻ നിയമഭേദഗതി വേണമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. സി.എ.ജി റിപ്പോർട്ടിലെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 26000 കോടി വർധിപ്പിച്ചിട്ടുണ്ടെന്നും ഇത് ചെറിയ കാര്യമല്ലെന്നും ധനമന്ത്രി പറഞ്ഞു.
സെസ് വർധിപ്പിച്ചതിൽ സർക്കാറിന്റെ താത്പര്യം എന്താണെന്ന് മനസ്സിലാക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ 21000 കോടി രൂപ നികുതി പിരിച്ചെടുക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നാണ് ധനമന്ത്രി വ്യക്തമാക്കിയത്. 2015-16ൽ സെസ് ഒരു രൂപ വർധിപ്പിച്ചിരുന്നു. അന്ന് പ്രതിഷേധം ഉണ്ടായിരുന്നോവെന്നും ധനമന്ത്രി ചോദിച്ചു.
ബജറ്റിലെ നികുതി വർദ്ധനയെ ന്യായീകരിച്ച ധനമന്ത്രി വ്യക്തിപരമായ താൽപര്യം കൊണ്ടല്ല സെസ്സ് ഏർപ്പെടുത്തിയതെന്ന് പ്രതികരിച്ചു. സംസ്ഥാന താൽപര്യമാണ് ഇവിടെ പരിഗണിച്ചത്. ഇത്രയധികം ആക്രമണം വേണോ എന്ന് പ്രതിപക്ഷവും മാധ്യമങ്ങളും ആലോചിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. റവന്യൂ കുടിശിക പിരിച്ചെടുക്കുന്നതിൽ സർക്കാർ വീഴചവരുത്തിയെന്നാണ് സി.എ.ജി റിപ്പോർട്ടിലെ ആരോപണം. അഞ്ച് വർഷത്തിലേറെയായി 7100 കോടിരൂപ 12 വകുപ്പുകൾ പിരിച്ചെടുക്കാനുണ്ടെന്നും സി.എജി റിപ്പോർട്ടിൽ പരാമർശിക്കുന്നു. നികുതി ഘടനയും നിരക്കും നിശ്ചയിച്ചതിലടക്കം വീഴ്ചകളുണ്ട്. ഇത് സർക്കാറിന് തിരിച്ചടിയുണ്ടാക്കുന്നതാണെന്നും സി.എ.ജി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
Adjust Story Font
16