കോൺഗ്രസ് ബന്ധത്തിനെതിരായ നിലപാട് കെ വി തോമസ് വിവാദത്തിലൂടെ ചർച്ചയാക്കാൻ സിപിഎം നീക്കം
കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിന്‍റെ പരിപാടിയിൽ പങ്കെടുക്കുന്നതില്‍ നിന്ന് കെ വി തോമസിനെ വിലക്കിയതെന്ന പ്രചാരണം ശക്തമാക്കാനാണ് തീരുമാനം
തിരുവനന്തപുരം: കോൺഗ്രസ് ബന്ധത്തിനെതിരായ സംസ്ഥാന കമ്മിറ്റി നിലപാട് സാധൂകരിക്കാൻ കെ വി തോമസ് വിവാദം പാർട്ടി കോൺഗ്രസിൽ ചർച്ചയാക്കാൻ സിപിഎം കേരള ഘടകത്തിന്റെ നീക്കം. കോൺഗ്രസ് മൃദു ഹിന്ദുത്വ സമീപനം സ്വീകരിക്കുന്നത് കൊണ്ടാണ് സിപിഎമ്മിന്‍റെ പരിപാടിയിൽ പങ്കെടുക്കുന്നതില്‍ നിന്ന് കെ വി തോമസിനെ വിലക്കിയതെന്ന പ്രചാരണം ശക്തമാക്കാനാണ് തീരുമാനം. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമ്പോൾ കേരളത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ സിപിഎമ്മിലേക്ക് വരുന്നുവെന്ന പ്രചാരണവും സംസ്ഥാന നേതൃത്വം നടത്തും.
പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട് സെമിനാറിൽ പങ്കെടുക്കുമെന്ന് കെ വി തോമസ് പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സിപിഎമ്മിലെ പ്രധാനപ്പെട്ട നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി നിലപാട് വ്യക്തമാക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വന്ന് പ്രതികരിച്ചതിനു പിന്നിൽ മറ്റു ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ കൂടിയുണ്ട്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യം ഉന്നയിക്കുന്ന സംസ്ഥാനങ്ങൾക്ക് മറുപടി പറയാനാണ് വിഷയം സിപിഎം സംസ്ഥാന നേതൃത്വം ഉപയോഗിക്കുന്നത്. ഇടതു മതേതര ബദൽ രൂപീകരിക്കാൻ സിപിഎം ശ്രമിക്കുമ്പോൾ അതിന് കോൺഗ്രസ് തയ്യാറല്ല. അതുകൊണ്ടാണ് സെമിനാറുകളിൽ നിന്ന് നേതാക്കളെ തടഞ്ഞത് എന്ന പ്രചാരണമായിരിക്കും നടത്താൻ പോകുന്നത്.
ബിജെപിയെ പിണക്കാതിരിക്കാൻ വേണ്ടിയാണ് കോൺഗ്രസ് നേതാക്കളെ സിപിഎമ്മിന്‍റെ പരിപാടിയിലേക്ക് വിടാത്തതെന്ന പ്രചരണവും സിപിഎം ശക്തമാക്കും. മറ്റു സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് പോകുമ്പോൾ, കേരളത്തിൽ അതല്ല അവസ്ഥയെന്ന് സ്ഥാപിക്കാനാണ് ശ്രമം. കെ വി തോമസ് വന്നാൽ പാർട്ടി എങ്ങനെ പരിഗണിക്കും എന്ന രാഷ്ട്രീയ ചോദ്യം ഉയർന്നിട്ടുണ്ട്. അധികാര രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചില ഉറപ്പുകൾ സിപിഎം സംസ്ഥാന നേതൃത്വം നൽകിയെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
Adjust Story Font
16