കെ. വിദ്യ കാസർകോട്ടെ കോളജിലും ജോലി ചെയ്തത് വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്
ഇവിടെ ഒരു അധ്യയന വർഷം പൂർണമായും ജോലി ചെയ്തു.
കാസർകോട്: മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിനി കെ. വിദ്യ കാസർകോട് കരിന്തളം ഗവ. കോളജിൽ ജോലി നേടിയതും വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച്. 2022 ജൂൺ മുതൽ 2023 മാർച്ച് വരെ ഗസ്റ്റ് ലക്ച്ചറായാണ് വിദ്യ ഇവിടെ ജോലി ചെയ്തത്.
മഹാരാജാസ് കോളജിന്റെ പേരിലുള്ള എക്സ്പീരിയൻസ് സർട്ടിഫിക്കറ്റാണ് വിദ്യ ഉപയോഗിച്ചതെന്ന് കോളജ് അധികൃതർ പറഞ്ഞു. ഇക്കാര്യം പ്രിൻസിപ്പൽ ഇൻ ചാർജാണ് സ്ഥിരീകരിച്ചത്.
ഒരു അധ്യയന വർഷം പൂർണമായും ജോലി ചെയ്തു. മഹാരാജാസ് കോളജിന്റെ പേരിലുള്ള എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് തന്നെയാണ് ഇവിടെയും ഹാജരാക്കിയതെന്ന് പ്രിൻസിപ്പൽ പറയുന്നു. കാലാവധി കഴിഞ്ഞതിനു ശേഷമാണ് വിദ്യ ഇവിടെ നിന്നും പോയത്. എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ പ്രിൻസിപ്പൽ തയാറായില്ല.
നേരത്തെ, അട്ടപ്പാടി സർക്കാർ കോളജിലാണ് കാസർകോട് സ്വദേശിനിയായ കെ വിദ്യ മഹാരാജാസിൽ ഗസ്റ്റ് ലക്ചറായിരുന്നുവെന്ന വ്യാജ രേഖ കാണിച്ച് നിയമനം നേടിയത്. 2018- 19, 2020-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചറാണെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്.
വിദ്യ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലത്തിലും മറ്റ് വിവരങ്ങളിലും അട്ടപ്പാടി സർക്കാർ കോളജിലെ അധികൃതര്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് മഹാരാജാസ് കോളജിനെ ബന്ധപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവർ ഗസ്റ്റ് ലക്ചറായി ജോലി ചെയ്തിട്ടില്ലെന്ന് മനസിലായത്.
മഹാരാജാസിലെ മലയാളം വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപികയായിരുന്നെന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പത്തു വര്‍ഷത്തിനിടെ മലയാളം വിഭാഗത്തില്‍ ഇത്തരത്തില്‍ നിയമനം നടന്നിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ വ്യക്തമാക്കുന്നത്. വ്യാജരേഖ ചമച്ചെന്ന് കാണിച്ച് മഹാരാജാസ് കോളജ് എറണാകുളം സെന്‍ട്രല്‍ പൊലീസിന് നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്.
Adjust Story Font
16