കളമശ്ശേരി ദത്ത് വിവാദം; കുഞ്ഞിനെ ദത്തെടുത്ത ദമ്പതികൾക്ക് കൈമാറി
നിലവിലെ സാഹചര്യത്തിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചിരുന്നു
കൊച്ചി: കളമശ്ശേരി ദത്ത് വിവാദത്തിൽ കുഞ്ഞിനെ ദത്തെടുത്ത തൃപ്പൂണിത്തുറയിലെ ദമ്പതികൾക്ക് കൈമാറി. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി. കുഞ്ഞിനെ കൈമാറുന്നതിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇത് അനുസരിച്ചാണ് കുഞ്ഞിനെ താത്കാലിക സംരക്ഷണത്തിനായി കൈമാറിയത്.
കഴിഞ്ഞ ആഗസ്റ്റിൽ കളമശേരി മെഡിക്കൽകോളജിൽ ജനിച്ച കുഞ്ഞിനെയാണ് തൃപ്പുണിത്തുറയിലെ ദമ്പതികൾക്ക് കൈമാറിയത്. ഇതാണ് പിന്നീട് വിവാദമായത്. പിന്നീട് കുഞ്ഞിനെ ഈ ദമ്പതികൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ ഏൽപ്പിക്കുകയായിരുന്നു. ഇതിനിടയിൽ കുഞ്ഞിനെ ഏറ്റെടുക്കാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ലെന്ന് യഥാർഥ മാതാപിതാക്കൾ അറിയിച്ചു.
സിഡബ്ല്യുസി ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. തുടർന്നാണ് ഹൈക്കോടതി തൃപ്പുണിത്തുറയിലെ ദമ്പതികളോട് നിയമപരമായി അപേക്ഷ നൽകാനും അപേക്ഷയിൽ തീരുമാനമെടുക്കാൻ സി.ഡബ്ല്യു.സിയെ ചുമതലപ്പെടുത്തുകയും ചെയ്തത്.ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണത്തിനായി തൃപ്പുണിത്തുറിയലെ ദമ്പതികൾക്ക് കൈമാറിയത്. കുഞ്ഞിന്റെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് യഥാർഥ മാതാപിതാക്കൾ ആവശ്യപ്പെടുന്നത് വരെ ഇവരുടെ സംരക്ഷണയിലായിരിക്കും കുഞ്ഞ് കഴിയുക.കുഞ്ഞിനെ ഏറ്റെടുക്കാൻ കഴിയില്ലെന്ന് യഥാർത്ഥ മാതാപിതാക്കൾ അറിയിച്ചാൽ ദത്ത് നടപടികളിലേക്ക് കടക്കുമെന്നും സി.ഡബ്ല്യു.സി അറിയിച്ചു.
Adjust Story Font
16