കണമല കാട്ടുപോത്ത് ആക്രമണം; മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹരത്തിന്‍റെ ആദ്യ ഗഡു കൈമാറി
അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിട്ടു
കോട്ടയം: കണമലയില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായത്തിന്റെ ആദ്യ ഗഡു കൈമാറി. അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. അതേസമയം കണമലയിൽ രണ്ടുപേരെ കൊലപ്പെടുത്തിയ കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്. കാട്ടുപോത്ത് ജനവാസ മേഖലയിലിറങ്ങി ശല്യം തുടർന്നാൽ മയക്കുവെടി വെക്കാമെന്ന് ഉത്തരവിൽ പറയുന്നു. പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകി.
കണമലയിൽ ഭീതി പരത്തിയ കാട്ടുപോത്തിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. പോത്തിനെ കണ്ടെത്തിയാൽ ഇത് തന്നെയാണ് കണമലയിൽ ആക്രമണം നടത്തിയതെന്ന് തിരിച്ചറിയുകയാണ് ആദ്യപടി. കാട്ടിൽ നിന്ന് ജനവാസ മേഖലയിലേക്ക് ഇറങ്ങിയാൽ കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനായി പ്രത്യേകസംഘം തന്നെ കണമലയിൽ തുടരുന്നുണ്ട്. ഇന്നലെ അക്രമം നടത്തിയതിന് തൊട്ടു പിന്നാലെ കാടിനുള്ളിലേക്ക് പോത്ത് ഓടി രക്ഷപ്പെട്ടിരുന്നു.
കണമല സെന്റ് തോമസ് പള്ളിയിലാണ് മരിച്ച ഇരുവരുടെയും സംസ്‌കാരം. പുലർച്ചെ പറമ്പിൽ റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. പരിക്കേറ്റ വിവരം തോമസ് തന്നെയാണ് അയൽവാസികളെ അറിയിച്ചത്. പിന്നാലെ വീട്ടുമുറ്റത്തിരുന്ന ചാക്കോയെയും കാട്ട് പോത്ത് ആക്രമിച്ചു. ഒപ്പമുണ്ടായിരുന്ന പേരക്കുട്ടി അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചാക്കോ സംഭവസ്ഥലത്ത് വെച്ചും തോമസ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. നാട്ടുകാർ എരുമേലി പമ്പാ റോഡ് ഉപരോധിച്ചു. കളക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയെ തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് കലക്ടർ അറിയിച്ചിരുന്നു
Adjust Story Font
16