Quantcast

എഡിഎമ്മിന്റെ മരണം: കണ്ണൂർ കലക്ടറെ മാറ്റിയേക്കും; ലാൻഡ് റവന്യൂ ജോ. കമ്മീഷണർ മൊഴിയെടുക്കുന്നു

പെട്രോൾ പമ്പ് അനുമതിയിൽ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കലക്ടറോട് ചോദിക്കുന്നത്. ‌‌

MediaOne Logo

Web Desk

  • Updated:

    2024-10-19 11:28:59.0

Published:

19 Oct 2024 9:44 AM GMT

Kannur collector may be replaced Land Revenue Jo. Commissioner takes statement of him in ADMs death
X

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ റവന്യൂ വകുപ്പിന്റെ ഉന്നതതല അന്വേഷണം തുടങ്ങി. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണർ എ. ഗീത ഐഎഎസ് കണ്ണൂരിലെത്തി കലക്ടറുടെ മൊഴിയെടുപ്പ് തുടരുകയാണ്. പെട്രോൾ പമ്പ് അനുമതിയിൽ അഴിമതിയുണ്ടോ എന്നതടക്കം പ്രധാനമായും ആറ് കാര്യങ്ങളാണ് കലക്ടറോട് ചോദിക്കുന്നത്. ‌‌സംഭവത്തിൽ റവന്യൂ മന്ത്രിക്ക് നേരത്തെ കലക്ടർ ഒരു പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. വിശദമായ റിപ്പോർട്ട് നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് നൽകിയിരുന്നില്ല.

തുടർന്നാണ് അന്വേഷണ സംഘത്തെ നിയോ​ഗിച്ചതും എ.​ ഗീതയ്ക്ക് ചുമതല നൽകിയതും. കലക്ടർക്കെതിരെയും ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തെ അന്വേഷണ സംഘത്തിൽനിന്ന് ഒഴിവാക്കുകയായിരുന്നു. ഇന്നു രാവിലെ റവന്യൂ വകുപ്പിന്റെ ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് എ. ഗീത കണ്ണൂർ കലക്ടറേറ്റിൽ കലക്ടറുടെ മൊഴി രേഖപ്പെടുത്താൻ എത്തിയത്. എ‌ഡിഎമ്മിന്റെ യാത്രയയപ്പ്‌ ചടങ്ങിലേക്ക് താൻ ക്ഷണിച്ചിട്ടാണ് ചെന്നതെന്ന പി.പി ദിവ്യയുടെ വാദം കലക്ടർ തള്ളി.

നവീൻ ബാബുവിന്റെ ബന്ധുക്കളും കലക്ടറേറ്റ് ജീവനക്കാരും കലക്ടർക്കെതിരെ അന്വേഷണ സംഘത്തിന് മൊഴി നൽകി. നവീന് അവധി നൽകുന്നതിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിട്ടും വിടുതൽ നൽകാൻ വൈകിച്ചെന്നുമായിരുന്നു കുടുംബത്തിന്റെ മൊഴി. എഡിഎമ്മിനെതിരെ പി.പി ദിവ്യ നടത്താൻ പോകുന്ന പരാമർശങ്ങളെക്കുറിച്ച് കലക്ടർക്ക് അറിയുമായിരുന്നുവെന്നാണ് ജീവനക്കാർ മൊഴി നല്‍കിയത്. അതുകൊണ്ടാണ് ഇടപെടാതിരുന്നതെന്നും അവർ പറഞ്ഞു.

അതേസമയം, കലക്ടറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജനസംഘടനകൾ കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തി. യുവമോർച്ച, കെഎസ്‌യു എന്നീ സംഘടനകളാണ് മാർച്ച് നടത്തിയത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കലക്ടറേറ്റിന്റെ സുരക്ഷ വർധിപ്പിച്ചു. നവീൻ ബാബുവിന്റെ കുടുംബവും ജീവനക്കാരുമടക്കം എതിരായ സാഹചര്യത്തിൽ അരുൺ കെ. വിജയനെ കണ്ണൂർ കലക്ടർ സ്ഥാനത്തുനിന്ന് നീക്കിയേക്കും.

എഡിഎമ്മിൻ്റെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യം എന്ത് എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാനാണ് പുതിയ അന്വേഷണസംഘത്തിന് റവന്യൂ വകുപ്പിന്റെ നിർദേശം. എഡിഎമ്മിനെതിരായ അഴിമതി ആരോപണം, പെട്രോൾ പമ്പിനുള്ള എൻഒസി മനഃപൂർവം വൈകിപ്പിച്ചോ തുടങ്ങിയ കാര്യങ്ങളും അന്വേഷണത്തിന്റെ പരിധിയിൽ ഉൾപ്പെടും.

TAGS :

Next Story