കരുവന്നൂർ; 2011 മുതൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ
50000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകുമെന്നും കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്നും മന്ത്രി വി.എൻ.വാസവൻ ഉറപ്പ് നൽകി
തൃശൂർ: കരുവന്നൂർ ബാങ്കിൽ 2011 മുതൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് മന്ത്രി വി.എൻ.വാസവൻ. ക്രമക്കേടിനെ സംബന്ധിച്ച് 2019 ൽ പരാതി ലഭിച്ചിരുന്നെന്നും ഇത് സംബന്ധിച്ച് 18 കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബാങ്കിൽ നിന്ന് നഷ്ടപ്പെട്ട പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും 73 കോടി രൂപ നിക്ഷേപകർക്ക് തിരിച്ച് കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബാങ്കിൽ വീണ്ടും വായ്പകൾ നൽകി തുടങ്ങിയിട്ടുണ്ട്. ഇതിനോടകം തന്നെ 5 കോടി രൂപയുടെ വായ്പകൾ നൽകിയെന്നും ഇതിനിടെയാണ് ഇ.ഡി വന്ന് രേഖകൾ കൊണ്ടുപോയതെന്നും പറഞ്ഞ മന്ത്രി 162 ആധാരങ്ങളാണ് ഇ.ഡി ബാങ്കിൽ നിന്ന് കൊണ്ടു പോയതെന്നും വ്യക്തമാക്കി.
കരുവന്നൂരിലെ പ്രതിസന്ധി മറികടക്കാൻ കേരള ബാങ്കിൽ നിന്ന് 12 കോടി രൂപ കൊടുക്കുമെന്നും കേരള ബാങ്കിൽ കരവന്നൂർ ബാങ്ക് നിക്ഷേപിച്ച പണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി 50 കോടി സമാഹരിക്കും. 206 കോടി രൂപയാണ് നിക്ഷേപകർക്ക് നല്‍കാനുള്ളത്. ആളുകളുടെ നിക്ഷേപങ്ങൾ പൂർണമായി കൊടുത്ത് തീർക്കും. കേരള ബാങ്കിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ കരുവന്നൂർ ബാങ്കിലെ ചുമതലക്കാരനയി നിയോഗിക്കും. ക്ഷേമനിധി ബോർഡിൽ നിന്ന് 5 കോടി രൂപ കരുവന്നൂർ ബാങ്കിന് കൊടുക്കും. സഹകരണ ബാങ്കുകളിൽ ആഴ്ചയിൽ ഓഡിറ്റ് നടത്തുമെന്നും കരുവന്നൂർ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.ഡിയുടെ നടപടി ബാങ്കിന്റെ തിരിച്ചു വരവിനെ കാര്യമായി ബാധിച്ചു. ഇ.ഡി കള്ളപ്പണം പിടിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഈ അന്വേഷണങ്ങൾ വളഞ്ഞ വഴിയിലൂടെ അവരുതെന്നും അദ്ദേഹം പറഞ്ഞു. 50000 രൂപ വരെയുള്ള നിക്ഷേപങ്ങൾ നവംബറിനുള്ളിൽ നൽകുമെന്നും കല്യാണം, ചികിത്സ തുടങ്ങി ആവശ്യങ്ങൾ പ്രത്യേകം പരിഗണിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി.
Adjust Story Font
16