സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ല:കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി
കൊച്ചിയിൽ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു
ജ്ഞാനികൾക്ക് ബദലായി സമൂഹത്തിൽ പ്രവർത്തിക്കുന്നവരെ സൂക്ഷിക്കണമെന്ന് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. സിറോ മലബാർ സഭ ആസ്ഥാനത്ത് നടന്ന കർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാനമില്ലാത്ത സഭ ക്രിസ്തുവിന് നിരക്കുന്നതല്ലെന്നും സമാധാനത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ ക്രിസ്തുവിന്റെ രക്ഷ കൈമാറുന്നവരല്ലെന്നും കർദിനാൾ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു.
കൊച്ചിയിൽ കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ നടന്ന പാതിരാ കുർബാനയ്ക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കാർമികത്വം വഹിച്ചു. ജനാഭിമുഖ കുർബാന തുടരുമെന്ന എറണാകുളം അങ്കമാലി അതിരൂപത നിലപാടിനെ തുടർന്നാണ് സെന്റ് മേരീസ് ബസിലിക്കയിൽ നിന്ന് സഭ ആസ്ഥാനത്തേക്ക് കുർബാന മാറ്റിയത്.
സിറോ മലബാർ സഭ എറണാകുളം അങ്കമാലി അതിരൂപതക്ക് കീഴിലുള്ള പള്ളികളിൽ തിരുപ്പിറവി ദിനത്തിലും ജനാഭിമുഖ കുർബാന തുടർന്നു. ലത്തീൻ ചർച്ചിന് കീഴിലുള്ള എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിലെ ദിവ്യബലിക്ക് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിച്ചു. യാക്കോബായ സുറിയാനി സഭ അധ്യക്ഷൻ തോമസ് പ്രഥമൻ കാതോലിക്ക ബാവ പുത്തൻകുരിശ് മോർ അത്താനാസിയോസ് കത്തീഡ്രലിൽ ജനന പെരുന്നാൾ ശുശ്രൂഷകൾക്കും വി.കുർബാനക്കും മുഖ്യകാർമ്മികത്വം വഹിച്ചു.
Adjust Story Font
16