കരുനാഗപ്പള്ളി ലഹരിക്കടത്ത്: ഷാനവാസിനെ ചോദ്യം ചെയ്തു, വാഹനക്കരാർ വ്യാജമെന്ന് സംശയം
വാഹനം ഇടുക്കി സ്വദേശിക്ക് വാടകക്ക് നൽകിയതാണ് എന്നാണ് ഷാനവാസിന്റെ വാദം. ഇതിന്റെ വാടക കരാർ അദ്ദേഹം പുറത്തുവിട്ടിരുന്നു.
കൊല്ലം: നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തിയ കേസിൽ സി.പി.എം നേതാവ് എ.ഷാനവാസിനെ പൊലീസ് ചോദ്യം ചെയ്തു. ഷാനവാസിനൊപ്പം സുഹൃത്ത് അൻസാറിനെയും ആലപ്പുഴയിലെത്തിയാണ് പൊലീസ് ചോദ്യം ചെയ്തത്. പാൻമസാലയുമായി പിടിയിലായ ലോറി ഷാനവാസിന്റെതാണ്. ലഹരിക്കടത്തമുമായി ഷാനവാസിന് ബന്ധമുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.
വാഹനം ഇടുക്കി സ്വദേശിക്ക് വാടകക്ക് നൽകിയതാണ് എന്നാണ് ഷാനവാസിന്റെ വാദം. ഇതിന്റെ വാടക കരാർ അദ്ദേഹം പുറത്തുവിട്ടിരുന്നു. എന്നാൽ ഈ കരാർ വ്യാജമാണെന്ന് പൊലീസിന് സംശയമുണ്ട്. ഈ മാസം ആറിനാണ് വാടക കരാർ ഉണ്ടാക്കിയത്. എട്ടാം തിയതിയാണ് വാഹനം പിടികൂടിയത്. ഷാനവാസിന്റെ സുഹൃത്ത് അൻസാറിന്റെ വാഹനത്തിൽനിന്നും പുകയില ഉത്പന്നങ്ങൾ പിടികൂടിയിരുന്നു.
ഇടുക്കി സ്വദേശിക്ക് വാഹനം വാടകക്ക് നൽകിയതാണെങ്കിൽ പിന്നെ എങ്ങനെയാണ് ഷാനവാസിന്റെ സുഹൃത്തിന്റെ വാഹനത്തിൽ പാൻമസാലകൾ വന്നത് എന്നാണ് പൊലീസിന്റെ ചോദ്യം. മുദ്ര കടലാസ് വാങ്ങിയ കടയിലെത്തി പൊലീസ് മൊഴിയെടുക്കുമെന്നാണ് അറിയുന്നത്. ഷാനവാസിനെ കഴിഞ്ഞ ദിവസം പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു.
Adjust Story Font
16