കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: എം.കെ കണ്ണന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു
ഇന്ന് രാവിലെ 11 മണിയോടെയാണ് എം.കെ കണ്ണൻ ചോദ്യം ചെയ്യലിന് ഹാജരായത്
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണ ഇടപാടിൽ എം.കെ കണ്ണന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ചോദ്യം ചെയ്യൽ അവസാനിപ്പിച്ചതെന്ന് ഇ.ഡി അറിയിച്ചു. ചോദ്യം ചെയ്യൽ സൗഹാർദപരമായിരുന്നുവെന്ന് എം.കെ കണ്ണൻ പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് എം.കെ കണ്ണൻ ചോദ്യം ചെയ്യലിന് ഹാജരായത്.
ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടപ്പോൾ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടുവെന്നും അതു കൊണ്ട് ചോദ്യം ചെയ്യൽ ഇന്നത്തേക്ക് അവസാനിപ്പിച്ചുവെന്നും ഇ.ഡി അറിയിക്കുകയായിരുന്നു. എന്നാൽ പുറത്തിറങ്ങിയ ശേഷം എം.കെ കണ്ണൻ അത് നിഷേധിച്ചു. തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നല്ല ചോദ്യം ചെയ്യൽ അവസാനിപ്പിച്ചത്. തനിക്ക് യോതൊരു വിധ ശാരീരിക പ്രശ്‌നങ്ങളുമില്ല. താൻ ആരോഗ്യവാനാണ്. ഇനി ചോദ്യം ചെയ്യാൻ വിളിപ്പിച്ചാൽ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ് എം.കെ കണ്ണൻ. ഈ ബാങ്കു വഴി വലിയ രീതിയിലുള്ള ബിനാമി ഇടപാടുകൾ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതിയായ സതീഷ് കുമാർ നടത്തിയുണ്ടെന്നായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. മറ്റു സർവീസ് സഹകരണ ബാങ്കുകളിലെ തിരിച്ചടവ് മുടങ്ങിയ വായ്പകൾ തൃശൂർ സർവീസ് സഹകരണ ബാങ്കിലേക്ക് മാറ്റാൻ നിർദേശം നൽകിയത് എം.കെ കണ്ണനാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് ഇ.ഡി ഇദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
Adjust Story Font
16